വിമാനത്താവളത്തിനു സമാനമായ സൗകര്യങ്ങൾ; രാജ്യത്തെ ആദ്യ ലോകോത്തര റെയിൽവേ സ്റ്റേഷനെ കുറിച്ചറിയാം
text_fieldsഭോപ്പാൽ: രാജ്യത്തെ ആദ്യ ലോകോത്തര റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനത്തിനൊരുങ്ങി. മധ്യപ്രദേശിലെ ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷൻ നവംബർ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും.
ഭോപ്പാലിലെ റെയിൽവേ സ്റ്റേഷൻ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് നവീകരിച്ചത്. ബൻസാൽ ഗ്രൂപ്പുമായി ചേർന്ന് 450 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ജെർമനിയിലെ ഹൈഡൽബർഗ് റെയിൽവേ സ്റ്റേഷൻ മാതൃകയിൽ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് വികസന കോർപറേഷനാണ് (ഐ.ആർ.എസ്.ഡി.സി) നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയത്.
മുഴുവൻ സമയ നിരീക്ഷണത്തിനായി ടെർമിനലിൽ 160 സി.സി.ടി.വി കാമറകളുണ്ടാകും. 1,100 യാത്രക്കാർക്ക് ഒരു സമയം സ്റ്റേഷനിൽ ഇരിക്കാനാകും. കൂടാതെ, വിമാനത്താവളത്തിനു സമാനമായ സൗകര്യങ്ങളാണ് സ്റ്റേഷനിൽ ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്ക് ഇറങ്ങാനും കയറാനും പ്രത്യേക വഴികൾ, ഫുഡ് കോർട്ട്, ഡോർമിറ്ററീസ്, വിശ്രമ മുറി, ലിഫ്റ്റ്, എസ്കലേറ്റേഴ്സ്, വി.ഐ.പി ലോജ്, പാർക്കിങ് സൗകര്യം, വ്യാപാര സ്ഥാപനങ്ങൾ, കുട്ടികൾക്ക് വിനോദത്തിനുള്ള സൗകര്യം എന്നിവയുണ്ടാകും.
ഭിന്നശേഷി സൗഹദൃദമായിരിക്കും. വരുന്നതും പുറപ്പെടുന്നതുമായ ട്രെയിനുകളുടെ വിവരങ്ങൾ വിവിധ ഭാഷകളിലായി സ്റ്റേഷനിലെ ബോർഡുകളിൽ പ്രദർശിപ്പിക്കും. യാത്രക്കാരുടെ സുരക്ഷക്ക് മുന്തിയ പരിഗണനയാണ് നൽകുന്നത്. ബിർല മന്ദിർ, ഭോജ്പൂർ ക്ഷേത്രം തുടങ്ങിയ മധ്യപ്രദേശിലെ പൈതൃക പ്രദേശങ്ങളുടെ ചിത്രങ്ങളും വിവിധയിടങ്ങളിൽ പ്രദർശിപ്പിക്കും.
മാതൃകാ സ്റ്റേഷനായാണ് നവീകരിച്ചതെന്ന് പ്രോജക്ട് ഡയറക്ടർ അബു ആസിഫ് പറഞ്ഞു. കമാൻഡ് ആൻഡ് കൺട്രോൾ സെൻററിൽനിന്ന് 24 മണിക്കൂറും സ്റ്റേഷൻ നിരീക്ഷിക്കാനാകും. ഇന്ത്യൻ റെയിൽവേയുടെ പരീക്ഷണ പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

