‘എല്ലാവർക്കും നന്ദി...’; വീണ്ടും ‘പാതിരാ വിഡിയോ’യുമായി നരേന്ദ്ര മോദി, ഇൻസ്റ്റഗ്രാമിലാണ് വിഡിയോ പങ്കുവെച്ചത്
text_fieldsന്യൂഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ വിഡിയോ. ചോദ്യപേപ്പർ ചോർച്ചക്കെതിരെയുള്ള സർക്കാറിന്റെ നടപടികൾ വ്യക്തമാക്കി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് മോദി നന്ദി പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ‘കഴിഞ്ഞ രാത്രി നിങ്ങളെ നേരിൽ കാണാൻ അവസരം ലഭിച്ചു. ഇന്നലെ ഞാൻ പോസ്റ്റ് ചെയ്ത വിഡിയോക്കുള്ള നിങ്ങളുടെ പ്രതികരണത്തിനും നിർദേശങ്ങൾക്കും എല്ലാവർക്കും നന്ദി’ -പുതിയ വിഡിയോയിൽ മോദി പറയുന്നു. കേന്ദ്രമന്ത്രിമാർ ഇൻസ്റ്റഗ്രാമിൽ സജീവമാകണമെന്ന് നേരത്തെ മോദി നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിഡിയോ പോസ്റ്റ് ചെയ്തത്. സാധാരണ എക്സിലൂടെയാണ് പ്രധാനമന്ത്രി സ്ഥിരമായി പോസ്റ്റുകൾ പങ്കുവെച്ചിരുന്നത്.
ഫ്രണ്ട്സ് എന്നുപറഞ്ഞുകൊണ്ടാണ് മോദി പുതിയ വിഡിയോയും ആരംഭിച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തെരുവിൽ പ്രതിഷേധത്തിലുള്ള വിദ്യാർഥികളെ അഭിസംബോധനം ചെയ്ത് വ്യാഴാഴ്ച പാതിരാത്രിയിലാണ് പ്രധാനമന്ത്രി ആദ്യ വിഡിയോ സന്ദേശം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.
ചോദ്യപേപ്പർ ചോർച്ച തടയാൻ നിയമനിർമാണവും ഫാസ്റ്റ് ട്രാക്ക് കോടതികളും കൊണ്ടുവരുമെന്ന് ഉറപ്പുനൽകിയാണ് വിഡിയോ പുറത്തിറക്കിയത്. ഇതിന് പിന്നാലെ പരിഹാസവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിദ്യാർഥികളുടെ ബുദ്ധിയെ അധിക്ഷേപിക്കുന്ന ഇത്തരം ‘പാതിരാ വിഡിയോകൾ’ നിർത്തി വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്നും പൊലീസ് അതിക്രമത്തിൽ മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
അർധരാത്രിയിൽ വിഡിയോയിൽ ഏകപക്ഷീയമായി നടത്തുന്ന മൻകി ബാത്തിന് പകരം പകൽ പാർലമെന്റിൽ വന്നു പറയൂവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. നിലവിലെ നിയമങ്ങൾ ഉപയോഗിച്ചുതന്നെ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ സാധിക്കുമെന്നിരിക്കെ, അർധരാത്രിയിൽ പ്രധാനമന്ത്രി നടത്തിയത് വെറും നാടകമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
മാസങ്ങളായി തുടരുന്ന ജനരോഷത്തെയും വിദ്യാർഥി പ്രതിഷേധങ്ങളെയും ഭയന്നാണ് മോദി അടിയന്തരമായി അർധരാത്രി സന്ദേശവുമായി എത്തിയതെന്ന് സി.ജെ.പി നേതാക്കളും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

