നാലു വർഷംകൊണ്ട് 10 കോടി പാചകവാതക കണക്ഷൻ നൽകിയെന്ന് മോദി
text_fieldsന്യൂഡൽഹി: ദരിദ്രരായ സ്ത്രീകൾക്കുള്ള നാലു കോടി സൗജന്യ കണക്ഷൻ അടക്കം നാലുവർഷംകൊണ്ട് തെൻറ സർക്കാർ 10 കോടി പാചകവാതക കണക്ഷൻ നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യത്തിനുശേഷമുള്ള ആറ് പതിറ്റാണ്ടിൽ വെറും 13 കോടി കണക്ഷൻ മാത്രമാണ് നൽകിയിരുന്നതെന്നും മോദി കുറ്റപ്പെടുത്തി.
സ്ത്രീകൾക്കും കുട്ടികൾക്കും അടുക്കള പുകയിൽനിന്ന് സംരക്ഷണം നൽകാൻ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നതായും മോദി അവകാശപ്പെട്ടു. ‘പ്രധാൻമന്ത്രി ഉജ്ജ്വല യോജന’ പദ്ധതിയിൽ സൗജന്യ പാചകവാതക കണക്ഷൻ ലഭിച്ച വിവിധ സംസ്ഥാനങ്ങളിലെ സ്ത്രീകളുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
തെൻറ കുട്ടിക്കാലത്ത് വിറകും ചാണക വറളിയും ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ അമ്മ അനുഭവിച്ച ദുരിതങ്ങളും മോദി അനുസ്മരിച്ചു. ഭാവിയിൽ മുഴുവൻ വീടുകളിലും സർക്കാർ പാചകവാതകം എത്തിക്കും. 2014 വരെ 13 കോടിയാളുകൾക്ക് മാത്രമാണ് കഴിഞ്ഞ സർക്കാറുകൾ കണക്ഷൻ നൽകിയത്. അതും സമ്പന്നർക്കും സ്വാധീനമുള്ളവർക്കുമാണ് നൽകിയത്. എന്നാൽ, കഴിഞ്ഞ നാലു വർഷത്തിനിടെ തങ്ങളുടെ സർക്കാർ അധികവും ദരിദ്രർക്കാണ് കണക്ഷൻ നൽകിയത്. ഉജ്ജ്വല യോജന ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ദലിതരുടെയും ആദിവാസികളുടെയുമൊക്കെ ജീവിതത്തെ ശാക്തീകരിച്ചു. സാമൂഹിക ശാക്തീകരണത്തിൽ പദ്ധതി മുഖ്യ പങ്കുവഹിക്കുന്നുണ്ട് -മോദി പറഞ്ഞു.
2014ന് ശേഷം ദലിത് കുടുംബങ്ങൾക്ക് 1200 പെട്രോൾ പമ്പുകളും 1300 കുടുംബങ്ങൾക്ക് പാചകവാതക ഏജൻസിയും അനുവദിച്ചതായി മോദി ചൂണ്ടിക്കാട്ടി. ഈ വർഷം ഒരു ലക്ഷം എൽ.പി.ജി പഞ്ചായത്തുകളാണ് സർക്കാർ ലക്ഷ്യം. 70 ശതമാനം ഗ്രാമങ്ങളിൽ 100 ശതമാനവും 81 ശതമാനം ഗ്രാമങ്ങളിൽ 75 ശതമാനവും പാചകവാതകം എത്തിച്ചതായും േമാദി അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
