മോദിക്ക് കൈ നീട്ടി കുരുന്നുകൾ, അരികിൽ എത്തിയിട്ടും തൊടാതെ ഒഴിഞ്ഞുമാറി -VIDEO
text_fieldsബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ റോഡ് ഷോക്ക് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, തനിക്കുനേരെ കൈനീട്ടിയ കുരുന്നുകൾക്ക് കൈകൊടുക്കാതെ അവഗണിക്കുന്ന വിഡിയോ ചർച്ചയാകുന്നു. കലബുറഗിയിൽ റോഡ്‌ഷോക്ക് എത്തിയപ്പോഴാണ് സംഭവം.
റോഡ് ഷോ തുടങ്ങുന്നതിന് മുമ്പ് അതിരാവിലെ കുട്ടികളുമായി സംസാരിക്കാൻ വന്നതായിരുന്നു മോദി. ഗ്രൗണ്ടിലെ കമ്പി മുൾവേലിക്ക് പുറത്ത് തന്നെ കാത്തിരിക്കുന്ന മുപ്പതോളം കുട്ടികളുടെ അടുത്ത് സുരക്ഷാ ജീവനക്കാർക്കൊപ്പമാണ് പ്രധാനമന്ത്രി എത്തിയത്.
ഇദ്ദേഹത്തെ ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ കുട്ടികൾ ആരവത്തോടെ ഹസ്തദാനം ചെയ്യാൻ കമ്പിമുൾവേലിക്കിടയിലൂടെ കൈകൾ നീട്ടി നിൽക്കുന്നത് വാർത്താ ഏജൻസി പുറത്തുവിട്ട വിഡിയോയിൽ കാണാം. എന്നാൽ, കുട്ടികൾക്കരികിൽ എത്തിയ മോദി തനിക്ക് നേരെ നീട്ടിയ കൈകൾ കണ്ടില്ലെന്ന് നടിച്ച്, വേലിക്ക് മറുപുറം നിന്നുകൊണ്ടുതന്നെ അവരുമായി കൊച്ചുവർത്തമാനത്തിലും കളിചിരിയിലും ഏർപ്പെട്ടു. ഇതിനിടയിലും ചിലകുട്ടികൾ ഹസ്തദാനത്തിനായി ശ്രമിക്കുന്നുണ്ടായിരുന്നു.
നിങ്ങൾ സ്കൂളിൽ പോകുന്നുണ്ടോ എന്നാരാഞ്ഞാണ് മോദി സംഭാഷണം തുടങ്ങുന്നത്. തുടർന്ന് നിങ്ങൾ ആരാവാനാണ് ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചു. പൊലീസ്, ഡോക്ടർ, പ്രധാനമന്ത്രിയുടെ സെക്യൂരിറ്റി ഓഫിസർ തുടങ്ങിയ ആഗ്രഹങ്ങളാണ് മറുപടിയായി കുട്ടികൾ പറഞ്ഞത്. അപ്പോൾ പ്രധാനമന്ത്രിയാകാൻ നിങ്ങൾക്ക് ആർക്കും ആഗ്രഹമില്ലേ എന്ന് മോദി ചോദിച്ചു. ഇതിന് ചിരിയായിരുന്നു കുട്ടികളുടെ പ്രതികരണം. ഇതിനിടെ ‘സർ താങ്കൾ ചായ വിൽപനക്കാരനായിരുന്നോ’ എന്ന് കൂട്ടത്തിൽ ഒരു കുട്ടി തിരിച്ച് ചോദിച്ചു. ഇതോടെ സംഭാഷണം മതിയാക്കി പ്രധാനമന്ത്രി തിരിച്ചു പോകുന്നതും വിഡിയോയിൽ കാണാം.
‘40,000 രൂപയുടെ കൊറിയൻ കൂൺ കഴിക്കുന്ന പ്രധാനമന്ത്രി കുട്ടികളുടെ കൈകളിൽ തൊടാൻ പോലും ആഗ്രഹിക്കുന്നില്ല. പാവങ്ങൾക്കൊപ്പം നടക്കുന്ന, കൂടെ ഭക്ഷണം കഴിക്കുന്ന, ഒപ്പം നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ നേർ വിപരീതം. ഇന്ത്യക്ക് വേണ്ടത് രാഹുൽ ഗാന്ധിയെയാണ്, ചൈനയെ ഭയക്കുന്ന സംഘിയെയല്ല’ -എന്ന അടിക്കുറിപ്പോടെ ട്വിറ്ററിൽ ഈ വിഡിയോ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

