ടെസ്‍ല ഇന്ത്യയിലേക്ക് വരുമെന്ന് മസ്ക്; മോദിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി: യു.എസ് സന്ദർശനത്തിനിടെ ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യു.എസിലെത്തിയപ്പോഴാണ് കൂടിക്കാഴ്ച. താൻ മോദിയുടെ ആരാധകനാണെന്ന് കൂടിക്കാഴ്ചക്ക് പിന്നാലെ നടത്തിയ വാർത്ത സമ്മേളനത്തിൽ മസ്ക് പറഞ്ഞു.
ഇന്ത്യക്ക് എന്താണോ വേണ്ടത് അതാണ് മോദി നടപ്പിലാക്കുന്നത്. കൂടുതൽ തുറന്ന നയത്തിനാണ് അദ്ദേഹം ശ്രമിക്കുന്നത്. പുതിയ കമ്പനികളെ അദ്ദേഹം പിന്തുണക്കുന്നു. അതിനൊപ്പം ഇന്ത്യയുടെ താൽപര്യങ്ങളും സംരക്ഷിക്കുന്നുവെന്ന് മസ്ക് പറഞ്ഞു. മസ്കുമായുള്ള കൂടിക്കാഴ്ചയെ സംബന്ധിച്ച മോദിയുടെ ട്വീറ്റിനും ടെസ്‍ല സി.ഇ.ഒ മറുപടി നൽകി. താങ്കളെ വീണ്ടും കാണാൻ സാധിച്ചത് ബഹുമതിയാണെന്നായിരുന്നു മസ്കിന്റെ മറുപടി.
മസ്ക് ട്വിറ്ററിന്റെ ഉടമയായതിന് ശേഷം ഇതാദ്യമായാണ് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ 2015ൽ മോദിയും മസ്കും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മോദി കാലിഫോർണിയയിലെ ടെസ്‍ല ഫാക്ടറി സന്ദർശിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ വിപണിയിൽ തങ്ങൾക്ക് താൽപര്യമുണ്ടെന്ന് ടെസ്‍ല സി.ഇ.ഒ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

