'ഇത്ര ഭംഗിയായി എങ്ങനെ ഹിന്ദി സംസാരിക്കുന്നു'; മലയാളി വിദ്യാർഥിനിയോട് പ്രധാനമന്ത്രിയുടെ ചോദ്യം, മറുപടി ഇങ്ങനെ..!
text_fieldsപ്രധാനമന്ത്രി നരേന്ദ്രമോദിയും മലയാളി വിദ്യാർഥിനി ആകാൻഷയും ‘പരീക്ഷാ പേ ചർച്ച’യിൽ
ന്യൂഡൽഹി: പരീക്ഷയാകുമ്പോൾ സമ്മർദമല്ല മറിച്ച് കൂടുതൽ ശ്രദ്ധയാണുണ്ടാകേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാർഥികൾക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിന് പരിമിതികളുണ്ടെന്ന് തോന്നുന്നതിന് പകരം അവരുടെ ഇഷ്ടങ്ങളിൽ പര്യവേക്ഷണം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും ഡൽഹി സുന്ദർ നഴ്സറിയിൽ വിദ്യാർഥികളുമായി നടത്തിയ ‘പരീക്ഷാ പേ ചർച്ച’യിൽ പ്രധാനമന്ത്രി പറഞ്ഞു.
പരീക്ഷകളാണ് എല്ലാം എന്ന ആശയത്തില്‍ ജീവിക്കരുത്. നമ്മൾ മനുഷ്യരാണ്. റോബോട്ടുകളെപ്പോലെ ജീവിക്കാന്‍ കഴിയില്ല, വിദ്യാര്‍ഥികള്‍ ഒതുങ്ങിക്കൂടാന്‍ പാടില്ല. ആഗ്രഹങ്ങള്‍ എത്തിപ്പിടിക്കാനുള്ള അഭിലാഷവും സ്വാതന്ത്ര്യവും ആവശ്യമാണ്. സമയത്തെ ഫലപ്രദമായി വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ചർച്ചക്കിടെ ഹിന്ദിയില്‍ തന്നെ അഭിവാദ്യം ചെയ്ത ആകാൻഷ എന്ന മലയാളി വിദ്യാർഥിയോട് കേരളത്തില്‍നിന്നുള്ള പെണ്‍കുട്ടി എങ്ങനെയാണ് ഇത്ര നന്നായി ഹിന്ദി സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു. തനിക്ക് ഹിന്ദി ഏറെ ഇഷ്ടമാണെന്ന് മറുപടി നൽകിയ ആകാൻഷ താൻ ഹിന്ദിയില്‍ കവിതകള്‍ എഴുതാറുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് ഹിന്ദിയില്‍ കവിത ആലപിക്കുകയുംചെയ്തു.
തിങ്കളാഴ്ച രാവിലെയാണ് പ്രധാനമന്ത്രിയുടെ ‘പരീക്ഷ പേ ചര്‍ച്ച’യുടെ ഈ വര്‍ഷത്തെ പതിപ്പിന് തുടക്കമായത്. വിദ്യാര്‍ഥികളുടെ സമ്മര്‍ദം കുറയ്ക്കാനായി ബോര്‍ഡ് പരീക്ഷകള്‍ക്ക് മുന്നോടിയായാണ് ‘പരീക്ഷ പേ ചര്‍ച്ച’ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 36 വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി നേരിട്ട് സംവദിച്ചു. ദീപിക പദുക്കോൺ, മേരി കോം, അവാനി ലേഖര, റുജുത ദിവേക്കർ, സോണാലി സഭർവാൾ തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തരായവർ പരീക്ഷാ പേ ചർച്ചയുടെ ഭാഗമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

