Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതിയ ഇൻസ്റ്റഗ്രാം...

പുതിയ ഇൻസ്റ്റഗ്രാം വീഡിയോയുമായി മോദി; പരീക്ഷാ സംവിധാനം കൂടുതൽ ശക്തമാകും, ആന്റി പേപ്പർ ലീക്ക് ബില്ലിന് പ്രശംസ

text_fields
bookmark_border
പുതിയ ഇൻസ്റ്റഗ്രാം വീഡിയോയുമായി മോദി; പരീക്ഷാ സംവിധാനം കൂടുതൽ ശക്തമാകും, ആന്റി പേപ്പർ ലീക്ക് ബില്ലിന് പ്രശംസ
cancel

ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ബില്ലിനെ പ്രശംസിച്ച് ഇൻസ്റ്റ​ഗ്രാം വിഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതു പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും സംഘടിത ക്രമക്കേടുകളും തടയാൻ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ 2026 പാർലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് മോദിയുടെ പുതിയ ഇൻസ്റ്റഗ്രാം വീഡിയോ സന്ദേശം. രാജ്യത്തെ പരീക്ഷാ സംവിധാനം കൂടുതൽ കരുത്തുറ്റതും വിശ്വാസ്യതയുള്ളതുമാക്കാൻ ഈ നിയമം സഹായിക്കുമെന്ന് മോദി പറഞ്ഞു.

പരീക്ഷകളുടെ വിശുദ്ധി സംരക്ഷിക്കാനും വിദ്യാർഥികളുടെ കഠിനാധ്വാനത്തിന് നീതി ഉറപ്പാക്കാനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് പുതിയ നിയമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് തന്റെ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക, ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുക, സംസ്ഥാനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

നീറ്റ് പരീക്ഷാ ക്രമക്കേടിന് പിന്നാലെ വിദ്യാർഥികളുടെ പ്രതിഷേധം രാജ്യമെമ്പാടും ഉയർന്നതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പരീക്ഷാ പരിഷ്കാരങ്ങളെക്കുറിച്ച് പ്രധാനമന്ത്രി തുടർച്ചയായി ഇൻസ്റ്റഗ്രാമിലൂടെ യുവാക്കളെ അഭിസംബോധന ചെയ്യുന്ന വീഡിയോ സന്ദേശങ്ങൾ പങ്കുവെക്കുന്നുണ്ട്. പേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകൾ, സാങ്കേതിക പരിഷ്കാരങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ വിശ്വാസ്യത പുനഃസ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങളാണ് വീഡിയോ പരമ്പരയുടെ പ്രധാന പ്രമേയം. പരമ്പരയിലെ നാലാമത്തേതാണ് വ്യാഴാഴ്ച രാത്രി പോസ്റ്റ് ചെയ്ത പുതിയ വീഡിയോ.

രാജ്യവ്യാപകമായി നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്ക് പിന്നാലെയാണ് കേന്ദ്ര സർക്കാർ ഭേദഗതി ബിൽ കൊണ്ടുവന്നത്. ലോക്സഭയിലും രാജ്യസഭയിലും അംഗീകാരം ലഭിച്ച ബില്ലിലൂടെ പരീക്ഷാ തട്ടിപ്പുകൾക്കും സംഘടിത പേപ്പർ ലീക്ക് ശൃംഖലകൾക്കുമെതിരെ കൂടുതൽ കർശന ശിക്ഷയും നിയമനടപടികളും ഉറപ്പാക്കുകയാണ് ലക്ഷ്യം.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിശ്വാസം വീണ്ടെടുക്കുന്നതിന് ഈ നിയമം നിർണായകമാകുമെന്ന് പ്രധാനമന്ത്രി വീഡിയോയിൽ പറഞ്ഞു. സത്യസന്ധമായി പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പരിശ്രമം സംരക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പരീക്ഷാ സംവിധാനത്തിൽ ക്രമക്കേടുകളുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചോദ്യപേപ്പർ ചോർച്ചയിലോ പരീക്ഷകളിലെ അന്യായമായ മാർഗങ്ങളിലോ ഏർപ്പെടുന്ന വ്യക്തികൾക്ക് കുറഞ്ഞത് അഞ്ച് വർഷം മുതൽ പരമാവധി 10 വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ചുമത്താനാണ് പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നത്. സംഘടിത കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് ഏഴ് വർഷം തടവും 10 കോടി രൂപയിൽ കുറയാത്ത പിഴയും ഇത് നിർദ്ദേശിക്കുന്നു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയായി ഏതെങ്കിലും സെഷൻസ് കോടതിയെ നിയോഗിക്കാൻ എല്ലാ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങൾക്കും അധികാരം നൽകുന്നതിനും ബിൽ ലക്ഷ്യമിടുന്നു. കുറ്റപത്രം സമർപ്പിച്ച തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനും ഇതിൽ വ്യവസ്ഥ ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiInstagram videosNEET paper leakAnti Paper Leak Bill
News Summary - പുതിയ ഇൻസ്റ്റഗ്രാം വീഡിയോയുമായി മോദി | ആന്റി പേപ്പർ ലീക്ക് ബില്ലിന് പ്രശംസ
Next Story