''ഊർജ്ജസ്വലനായ, കാഴ്ചപ്പാടുള്ള നേതാവ്'' ; നരേന്ദ്ര മോദിയെ പുകഴ്ത്തി സുപ്രീംകോടതി ജഡ്ജി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എം.ആർ ഷാ. മോദി ജനപ്രിയനും ഊർജ്ജസ്വലനും കാഴ്ചപ്പാടുള്ളവനുമായ നേതാവാണെന്ന് എം.എർ. ഷകാ അഭിപ്രായപ്പെട്ടു. ഗുജറാത്ത് ഹൈകോടതിയുടെ 50ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓൺലൈൻവഴി നടന്ന ചടങ്ങിൽ ഗുജറാത്ത് ഹൈകോടതിയുടെ വാർഷികത്തോടനുബന്ധിച്ച് തപാൽ സ്റ്റാമ്പ് പ്രകാശനവും നടന്നു. ചടങ്ങിൽ മോദിക്കൊപ്പം പങ്കെടുക്കാനായത് വലിയ ഭാഗ്യമായാണ് കണക്കാക്കുന്നതെന്നും സുപ്രീംകോടതി ജഡ്ജി പറഞ്ഞു.
''ഗുജറാത്ത് ഹൈകോടതിയുടെ സ്മരണ നിലനിർത്തുന്നതിനായുള്ള തപാൽ സ്റ്റാമ്പ് ജനപ്രിയ, ഊർജ്ജസ്വലനായ, സ്നേഹം നിറഞ്ഞ, കാഴ്ചപ്പാടുള്ള നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്യുന്ന ഈ സുപ്രധാന ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും തോന്നുന്നു. ഈ ചടങ്ങിൽ പങ്കെടുക്കാനായത് സവിശേഷ ഭാഗ്യമായാണ് കണക്കാക്കുന്നത്.'' -ജസ്റ്റിസ് ഷാ പറഞ്ഞു.
മുമ്പ് ജസ്റ്റിസ് അരുൺ മിശ്രയും മോദിയോട് ആരാധന പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. 2020 സെപ്തംബറിൽ വിരമിച്ച അരുൺ മിശ്ര 1500ഓളം വരുന്ന കാലഹരണപ്പെട്ട നിയമം എടുത്തു കളഞ്ഞതിന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മോദിയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു.
ജസ്റ്റിസ് മിശ്രയുടെ മോദി പുകഴ്ത്തലിൽ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ ആശങ്കയും നിരാശയും പ്രകടിപ്പിച്ചിരുന്നു. അത്തരം നടപടികൾ നിഷ്പക്ഷതയേയും നീതിന്യായ സ്വാതന്ത്ര്യത്തേയും സംബന്ധിച്ച ധാരണകളെ ദുർബലപ്പെടുത്താനേ സാധിക്കൂ എന്ന് അഭിപ്രായപ്പെട്ട ബാർ അസോസിയേഷൻ ജസ്റ്റിസ് മിശ്രയുടെ പ്രസ്താവനയെ വിമർശിക്കുകയും അത് 'നീതിന്യായ സ്വാതന്ത്ര്യത്തെ മോശമായി പ്രതിഫലിപ്പിക്കുന്നു'എന്ന് പ്രമേയംത്തിലൂടെ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

