ഇന്ത്യയെ കോവിഡ് സുരക്ഷിത ഇടമായി ലോകം കാണുന്നു; വാക്സിനേഷനിലെ വിജയം ഓരോ പൗരനും അവകാശപ്പെട്ടത് -മോദി
text_fieldsന്യൂഡൽഹി: 100 കോടി ഡോസ് വാക്സിനെന്ന കഠിനമായ ലക്ഷ്യം ഇന്ത്യ വിജയകരമായി പൂർത്തികരീച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 കോടി ഡോസ് വാക്സിനെന്നത് വെറുമൊരു സംഖ്യയല്ല. ചരിത്രത്തിലെ പുതിയ അധ്യായമാണെന്നും മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയിലെ ഓരോ പൗരനും അവകാശപ്പെട്ടതാണ് ഈ വിജയം. നേട്ടത്തിന് ഇന്ത്യയിലെ എല്ലാ പൗരൻമാരേയും അഭിനന്ദിക്കുകയാണ്. ഇന്ത്യയെ കോവിഡ് സുരക്ഷിത ഇടമായി ഇപ്പോൾ ലോകം കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവർക്കുമൊപ്പം എല്ലാവരുടേയും വികസനമെന്ന മുദ്രവാക്യത്തിന്‍റെ ഉത്തമ ഉദാഹരണമാണ് ഇന്ത്യയുടെ വാക്സിനേഷൻ കാമ്പയിൻ. വാക്സിനേഷൻ പദ്ധതിയിൽ വി.ഐ.പി സംസ്കാരം ഒഴിവാക്കാൻ സാധിച്ചു. എല്ലാവരേയും ഒരു പോലെ പരിഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ വാക്സിനേഷൻ പുരോഗമിച്ചതെന്നും മോദി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം പാത്രം കൊട്ടാൻ പറഞ്ഞപ്പോഴും ദീപം തെളിയിക്കാൻ ആവശ്യപ്പെട്ടപ്പോഴും പലരും അതിനെ കളിയാക്കി. എന്നാൽ, അത് ഇന്ത്യയുടെ ഐക്യത്തെയാണ് വെളിപ്പെടുത്തിയത്. രാജ്യത്തെ എല്ലാ ജനങ്ങളും മെയ്ഡ് ഇൻ ഇന്ത്യയുടെ ശക്തി ഇപ്പോൾ അറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

