ന്യൂഡൽഹി: ഒരുവർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്തിൽ വർധന. അതേസമയം ഒാഹരി വിപണിയിലുണ്ടായ ചാഞ്ചാട്ടത്തെ തുടർന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ സ്വത്തിൽ കുറവ് രേഖപ്പെടുത്തിയതായും പ്രധാനമന്ത്രിയുടെ ഒാഫിസ് ആസ്തി വെളിപ്പെടുത്തി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
2020 ജൂൺ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസ്തി 2.85 കോടിയാണ്. മുൻവർഷം ഇത് 2.49 കോടിയായിരുന്നു. 36 ലക്ഷത്തിെൻറ വർധനയുണ്ടായി. ഇതിൽ 3.3 ലക്ഷം രൂപ ബാങ്ക് നിക്ഷേപമായും 33ലക്ഷം രൂപ നിക്ഷേപത്തിൽനിന്നുള്ള വരുമാനവുമായാണ് വർധിച്ചതായി കാണിച്ചിരിക്കുന്നത്.
മോദിക്ക് 1.75 കോടിയുടെ ജംഗമ സ്വത്തുക്കളും എസ്.ബി.ഐ ഗാന്ധിനഗർ ബ്രാഞ്ചിൽ 3.38 ലക്ഷത്തിെൻറ നിക്ഷേപവുമുണ്ട്. കൂടാതെ 31,450 രൂപ പണമായും കൈയിൽ സൂക്ഷിക്കുന്നു. കൂടാതെ 1.6 കോടിയുടെ സ്ഥിര നിക്ഷേപവും 84.3ലക്ഷം രൂപയൂടെ നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റും 1.5 ലക്ഷത്തിെൻറ ഇൻഷുറൻസ് പോളിസിയും 20,000 രൂപയുടെ ഇൻഫ്ര ബോണ്ടും സ്വത്തുക്കളിൽ ഉൾപ്പെടും.
നരേന്ദ്രമോദിക്ക് മറ്റു വായ്പ ബാധ്യതകളൊന്നും നിലവിൽ ഇല്ല. അദ്ദേഹത്തിെൻറ പേരിൽ വാഹനങ്ങളും ഇല്ല. 1.45 ലക്ഷം രൂപ വിപണി വില വരുന്ന നാലു സ്വർണ മോതിരം മോദിയുടെ സ്വത്തുക്കളിൽ ഉൾപ്പെടും. മൂന്ന് പേർക്ക് ഉടമസ്ഥാവകാശമുള്ള 3531 സ്ക്വയർ ഫീറ്റിെൻറ സ്ഥലവും 1.3 ലക്ഷത്തിെൻറ സ്ഥലവും മോദിയുടെ പേരിലുണ്ട്.
അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തെ തുടർന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്വത്തിൽ ഇടിവുണ്ടായി. മുൻ വർഷം 32.3 കോടിയുടെ സ്വത്തുണ്ടായിരുന്ന അമിത് ഷാക്ക് ഇൗ വർഷം 28.63 കോടിയുടെ സ്വത്തായി. 3.7 കോടിയുടെ നഷ്ടം നേരിട്ടു.
ഗുജറാത്തിലെ അദ്ദേഹത്തിെൻറ ആകെ സ്വത്തുക്കളുടെ മൂല്യം 13.56 കോടി രൂപയാണ്. 15,814 രൂപ കൈയിൽ കരുതുന്നു. ബാങ്ക് നിക്ഷേപം 1.04 കോടിയും ജുവല്ലറി 44.47ലക്ഷവുമാണ്. 16ലക്ഷത്തിെൻറ ഇൻഷുറൻസ്, പെൻഷൻ പോളിസിയും അമിത് ഷാക്കുണ്ട്. 13.5 കോടിയുടെ ഒാഹരികൾ അദ്ദേഹത്തിനുണ്ട്. കഴിഞ്ഞവർഷം ഇവയുടെ മൂല്യം 17.9 കോടി ആയിരുന്നു. 17.77 ലക്ഷം രൂപയുടെ ബാധ്യതയും അമിത് ഷാക്കുണ്ട്. അമിത് ഷായുടെ ഭാര്യ സോനാലിെൻറ ആസ്തി 8.53 കോടിയിൽനിന്ന് ഒമ്പത് കോടിയായി ഇൗ വർഷം വർധിച്ചു.