ന്യൂഡൽഹി: ചൈനയിലെ ക്വിങ്ദാവോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഷാങ്ഹായ് സഹകരണ സംഘടനയിലെ മറ്റ് അര ഡസൻ രാഷ്ട്രത്തലവന്മാരുമായും മോദി ചർച്ച നടത്തും. എന്നാൽ ചൈനയിലെത്തുന്ന പാകിസ്താൻ പ്രസിഡൻറ് മംനൂൻ ഹുസൈനെ മോദി കാണുമോ എന്നതിനെക്കുറിച്ച് ഒൗദ്യോഗിക അറിയിപ്പൊന്നുമില്ല.
ശനിയാഴ്ചയാണ് മോദി-ഷി ജിൻപിങ് കൂടിക്കാഴ്ചയെങ്കിൽ മറ്റു രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചയുടെ സമയം തീരുമാനമായിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. വുഹാനിൽ നടന്ന അനൗപചാരിക ഉച്ചകോടിയിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച് മോദിയും ചൈനീസ് പ്രസിഡൻറും ചർച്ച നടത്തും. റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുടിനും ഉച്ചകോടിയിൽ സംബന്ധിക്കുമെന്നാണ് കരുതുന്നത്.