ത്രിശൂല മാതൃകയിൽ ലൈറ്റുകൾ, ചന്ദ്രക്കല പോലെ മേല്‍ക്കൂര; വാരാണസിയിൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിട്ട് മോദി
text_fieldsലഖ്നോ: ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച വാരാണസി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. ഉത്തര്‍പ്രദേശിലെ മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇത്. കാൺപൂർ, ലഖ്നൗ എന്നിവിടങ്ങളിൽ നിലവിൽ സ്റ്റേഡിയങ്ങളുണ്ട്. ഒരേ സമയം ഏകദേശം 30,000 പേരെ ഉൾക്കൊള്ളാൻ വാരണാസിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് കഴിയും. അതേസമയം, ഹൈന്ദവ ദൈവം പരമശിവനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്റ്റേഡിയത്തിന്‍റെ വാസ്തുവിദ്യ.
പരമശിവന്‍റെ തലയിലെ ചന്ദ്രക്കലയോട് സാമ്യമുള്ള മേല്‍ക്കൂര, ത്രിശൂല മാതൃകയിലുള്ള ഫ്ലഡ് ലൈറ്റുകള്‍, വാരാണസിയിലെ ഗംഗ തീരത്തുള്ള പ്രശസ്തമായ ഘാട്ടിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള സീറ്റുകൾ, ശിവന്‍റെ കൈയിലെ വാദ്യോപകരണമായ ഡമരുവിന്‍റെ രൂപത്തിലുള്ള പവലിയനും വി.ഐ.പി ലോഞ്ചും എന്നിവ സ്റ്റേഡിയത്തിന്‍റെ മാതൃകയിൽ നിന്നും വ്യക്തമാവുന്നുണ്ട്.
സ്റ്റേഡിയത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ 121 കോടിയും നിർമാണത്തിനായി ബി.സി.സി.ഐ 330 കോടിയും ചിലവഴിക്കും. രാജതലബ് ഏരിയയിൽ റിംങ് റോഡിന് സമീപമാണ് സ്റ്റേഡിയത്തിന്‍റെ നിർമാണം. 2025 ഡിസംബറോടെ ഇത് പൂർത്തിയാകുമെന്നാണ് വിവരം.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്രിക്കറ്റ് ഇതിഹാസങ്ങളായ സചിൻ ടെണ്ടുൽക്കർ, സുനിൽ ഗവാസ്കർ, രവി ശാസ്ത്രി, ദിലീപ് വെങ്സാർക്കർ, ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നി, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, സെക്രട്ടറി ജയ് ഷാ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

