പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപിൽ; സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയാകും
text_fieldsമാലദ്വീപ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രസിഡന്റ് മുഹമ്മദ് മുയിസു സ്വീകരിക്കുന്നു
മാലെ: രണ്ടു ദിവസത്തെ ബ്രിട്ടൻ സന്ദർശനം പൂർത്തിയാക്കിയതിനു പിന്നാലെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അയൽ രാജ്യമായ മാലദ്വീപിലെത്തി. വെള്ളിയാഴ്ച രാവിലെയോടെ മാലദ്വീപിലെത്തിയ പ്രധാനമന്ത്രിക്ക് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ ഹൃദ്യമായ വരവേൽപ് നൽകി. മാലദ്വീപ് വിദേശകാര്യ, ധാനകാര്യ മന്ത്രിമാർ ഉൾപ്പെടെ ഉന്നതരും പ്രധാനമന്ത്രിയെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു. മാലദ്വീപിന്റെ 60ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. രണ്ടു ദിവസ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധംമെച്ചപ്പെടുത്തുന്നതിനായുള്ള നിർണായക ചർച്ചകളും നടക്കും. ദീർഘകാലമായി ശക്തമായ സൗഹൃദം കാത്തു സൂക്ഷിച്ച ഇന്ത്യയും ദ്വീപ് രാജ്യവും തമ്മിലെ ബന്ധം മുഹമ്മദ് മുയിസു അധികാരത്തിലേറിയതിനു പിന്നാലെയാണ് വഷളായത്. ‘ഇന്ത്യ ഔട്ട്’ ഉൾപ്പെടെ പ്രചരണ കാമ്പയിനുകൾ ശക്തമായതോടെ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിലും അകന്നു. എന്നാൽ, പ്രധാനമന്ത്രി മോദിയുമായി നടന്ന ചർച്ചകൾക്കുപിന്നാലെ സൗഹൃദം വീണ്ടും ഊഷ്മളമാവുകയായിരുന്നു.
സന്ദർശനത്തിൽ ഇന്ത്യയുടെ പിന്തുണയോടെ മാലദ്വീപിൽ നടപ്പാക്കുന്ന വികസന പദ്ധതികൾ സംബന്ധിച്ച് കരാറിൽ ഒപ്പുവെക്കും. മഹാസാഗർ മേഖലാ സുരക്ഷാ ഉൾപ്പെടെ പുനസ്ഥാപിക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടക്കും.
രണ്ടു ദിവസത്തെ യു.കെ സന്ദർശനത്തിൽ ഇന്ത്യയും ബ്രിട്ടനും തമ്മിലെ സ്വതന്ത്രവ്യാപാര കരാറിൽ ഒപ്പുവെച്ചാണ് പ്രധാനമന്ത്രി അടുത്ത ലക്ഷ്യ സ്ഥാനത്തേക്ക് തിരിച്ചത്. ബ്രിട്ടനിലേക്കുള്ള 99 ശതമാനം ഇന്ത്യന്‍ കയറ്റുമതിക്കും തീരുവ ഒഴിവാക്കുന്ന കരാറിനെ ചരിത്രപരമായ നേട്ടമെന്നായിരുന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

