ചെലവ് 2700 കോടി, ഏത് കാലാവസ്ഥയിലും യാത്ര ചെയ്യാം; 8650 അടി ഉയരത്തിലുള്ള ഇസഡ്-മോർ തുരങ്കം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ സോനമാർഗിലുള്ള ഇസഡ്-മോർ തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഏത് കാലാവസ്ഥയിലും ശ്രീനഗറിൽനിന്ന് ലേ വഴി സോനമാർഗിൽ എത്താൻ കഴിയുന്ന വിധമാണ് തുരങ്കത്തിന്റെ നിർമാണം. 8,650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാത 2,700 കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗാംഗീറിനും സോനാമാര്‍ഗിനും ഇടയിലുള്ള 6.5 കിലോമീറ്റര്‍ നീളമുള്ള രണ്ടുവരി റോഡാണ് ടണലില്‍ ഒരുക്കിയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങള്‍ക്കായുള്ള 7.5 മീറ്റര്‍ വീതിയുള്ള രക്ഷപ്പെടല്‍ പാതയും സമാന്തരമായി സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിനു ശേഷം ഉദ്യോഗസ്ഥരും നിർമാണ തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിച്ചു.
ഉദ്ഘാടന ചടങ്ങിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും പങ്കെടുത്തു. കനത്ത മഴയും ഹിമപാതവും കാരണം പലപ്പോഴും സോനമാർഗിലേക്കുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. തുരങ്കപാത യാഥാർഥ്യമായതോടെ മണ്ണിടിച്ചിൽ, ഹിമപാത സാധ്യതയുള്ള മേഖലകൾ എന്നിവ ഒഴിവാക്കി ലഡാക്ക് മേഖലയിലേക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്ര ഉറപ്പാക്കാൻ സാധിക്കും. സോനമാർഗ് തുരങ്കപാതയുടെ വരവോടെ മേഖലയിലെ വിനോദസഞ്ചാരത്തെയും പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഉദ്ഘാടന ശേഷം പ്രധാനമന്ത്രി തുരങ്കത്തിലൂടെ യാത്ര ചെയ്തു.
2028 ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ള സോജില തുരങ്ക പദ്ധതിയോടൊപ്പം ഇത് ദേശീയ പാത 1ൽ ശ്രീനഗർ താഴ്വരയ്ക്കും ലഡാക്കിനും ഇടയിൽ തടസ്സമില്ലാത്ത ഗതാഗത ബന്ധം ഉറപ്പാക്കുകയും ദൂരം 49 കിലോമീറ്ററിൽ നിന്ന് 43 കിലോമീറ്ററായി കുറയ്ക്കുകയും വേഗത മണിക്കൂറിൽ 30 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററായി വർധിപ്പിക്കുകയും ചെയ്യും. ജമ്മു കശ്മീരിലും ലഡാക്കിലുമുള്ള പ്രതിരോധ നീക്കത്തിന് സഹായകമാകുന്ന പാത, സാമ്പത്തിക-സാമൂഹിക-സാംസ്കാരിക വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. മണിക്കൂറിൽ 1,000 വാഹനങ്ങൾക്ക് വരെ തുരങ്കത്തിലൂടെ കടന്നുപോകാൻ കഴിയും. തുരങ്കത്തിൽ വെന്റിലേഷൻ സംവിധാനവുമുണ്ട്.
അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് തുരങ്കപാത സജ്ജമാക്കിയത്. സുരക്ഷയും ട്രാഫിക് മാനേജ്മെന്റും ഉറപ്പാക്കുന്നതിനായി അറിയിപ്പുകളും അടിയന്തര നിർദേശങ്ങളും നൽകുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. തീപിടിത്തങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ഇലക്ട്രിക്കൽ ഫയർ സിഗ്നലിങ് സംവിധാനം, റേഡിയോ റീ-ബ്രോഡ്കാസ്റ്റ് സംവിധാനം, തത്സമയ ട്രാഫിക് അപ്‌ഡേറ്റുകൾ പ്രദർശിപ്പിക്കുന്നതിന് ഡൈനാമിക് റോഡ് ഇൻഫർമേഷൻ പാനൽ, ട്രാഫിക് സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വേഗപരിധി ക്രമീകരിക്കാൻ യാത്രക്കാരെ അറിയിക്കുന്നതിന് സ്പീഡ് ലിമിറ്റ് വേരിയബിൾ മെസേജ് സൈനുകൾ എന്നിവയും സോനമാർഗ് തുരങ്കപാതയുടെ സവിശേഷതകളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.