മതഭ്രാന്തിന് ഇന്ത്യയെ തടയാനാകില്ലെന്ന് പ്രധാനമന്ത്രി മോദി
text_fieldsന്യൂ ഡൽഹി: മതഭ്രാന്തിന് ഇന്ത്യയെ തടയാനാകില്ലെന്നും മതത്തിന്റെ പേരിലുള്ള അതിക്രമങ്ങളിലൂടെ ജനങ്ങളെ അവരുടെ വിശ്വാസത്തിൽനിന്ന് വേർപ്പെടുത്താനാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സിഖ് ഗുരു തേജ് ബഹദൂർ സിങിന്റെ 400ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി ചെങ്കോട്ടയിൽ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. ഔറംഗസേബിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ ഗുരു ബഹദൂർ സിങ് പാറ പോലെ നിലകൊണ്ടുവെന്നും ഗുരു ഇന്ത്യയുടെ കവചമായിരുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.
രാജ്യത്തുണ്ടായിരുന്ന വൻ ശക്തികൾ അസ്തമിച്ചെന്നും കൊടുങ്കാറ്റുകൾ വഴി മാറിപ്പോയെന്നും ഇവയെല്ലാം അതിജീവിച്ച് ഇന്ത്യ അനശ്വരമായി മുന്നോട്ടു നീങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, ലോകം പ്രതീക്ഷയോടെയും പ്രത്യാശയോടെയും ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും പുതു ഇന്ത്യയുടെ പ്രഭാവലയത്തിൽ ഗുരു ബഹദൂർ സിങിന്റെ അനുഗ്രഹം അനുഭവിക്കുന്നതായും മോദി പറഞ്ഞു.
ചെങ്കോട്ടയുടെ എതിർവശത്തുള്ള സിസ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിൽ വെച്ച് വധിക്കപ്പെട്ട ഗുരു തേജ് ബഹാദൂറാണ് അക്കാലത്ത് അസ്തിത്വം സംരക്ഷിക്കാൻ ജനങ്ങളെ പ്രചോദനമായതെന്നും ഇപ്പോൾ നാം ഇവിടെ നിൽക്കുന്ന സ്വാതന്ത്ര സമരസേനാനികൾ കാരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സിഖ് ഗുരുവര്യന്മാരുടെ ചിന്തകൾ പിന്തുടരുന്ന ഇന്ത്യ ഒരു രാജ്യത്തിനും സമൂഹത്തിനും ഭീഷണിയായിട്ടില്ലെന്നും ലോകത്തിന്റെ ക്ഷേമത്തിനായി നിലകൊള്ളുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമീപ രാജ്യങ്ങളിൽനിന്ന് വരുന്ന പീഡിപ്പിക്കപ്പെടുന്ന സിഖുകാരടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിനുള്ള വഴി നാം ഒരുക്കിയിട്ടുണ്ടെന്നും ദേശീയ പൗരത്വ ഭേദഗതി നിയമത്തെ സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. സിഖ് വേഷത്തിലാണ് മോദി പരിപാടിക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

