ഞാൻ ശിവഭക്തൻ, അധിക്ഷേപങ്ങൾ വിഷം പോലെ വിഴുങ്ങും; കോൺഗ്രസിനെതിരെ നരേന്ദ്ര മോദി
text_fieldsഗുവാഹത്തി: മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളാണ് തന്റെ യജമാനരും റിമോട്ട് കൺട്രോളുമെന്നും മോദി വ്യക്തമാക്കി. തന്നെയും മരിച്ചുപോയ മാതാവിനെയും കുറിച്ചുള്ള അധിക്ഷേപങ്ങൾക്കും മോദി മറുപടി നൽകി. താനൊരു ശിവഭക്തനാണെന്നും എല്ലാ അധിക്ഷേപങ്ങളെയും വിഷം പോലെ വിഴുങ്ങിക്കളയുമെന്നുമാണ് മോദി പറഞ്ഞത്.
കോൺഗ്രസ് സംവിധാനം മുഴുവൻ എനിക്കെതിരെ ആക്രമണം നടത്തുമെന്നും ഞാൻ വീണ്ടും കരയുകയാണെന്ന് പറയുമെന്നും എനിക്കറിയാം. ജനങ്ങളാണ് എന്റെ ദൈവം. എന്റെ റിമോട്ട് കൺട്രോൾ. എനിക്ക് മറ്റൊരു റിമോട്ട് കൺട്രോളുമില്ല. അവർക്കു മുന്നിൽ എന്റെ വേദന പ്രകടിപ്പിച്ചില്ലെങ്കിൽ മറ്റെവിടെ ചെയ്യുമെന്നും മോദി ചോദിച്ചു. അസമിലെ ദാരങ്ങില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രധാനമന്ത്രിയുടെ മാതാവിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള കോൺഗ്രസിന്റെ എ.ഐ വിഡിയോ ആണ് വിവാദമായത്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ബി.ജെ.പി പ്രവർത്തകൻ ഇതിനെതിരെ നൽകിയ പരാതിയിൽ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
വിഡിയോയിൽ, മരിച്ചുപോയ അമ്മയോട് സാമ്യമുള്ള എ.ഐ കഥാപാത്രം സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയത്തില്‍ തന്റെ പേര് ഉപയോഗിച്ചതിന് മോദിയെ കര്‍ശനമായി ശാസിക്കുന്നു. മോദിയോട് സാമ്യമുള്ള എ.ഐ കഥാപാത്രം ഇതുകേട്ട് ഞെട്ടലോടെ ഉണരുന്നതോടെയാണ് രംഗം അവസാനിക്കുന്നത്.
ബിഹാറിൽ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ തനിക്കും അമ്മക്കും നേരെ അധിക്ഷേപകരമായ പരാമർശങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി നേരത്തെ അവകാശപ്പെട്ടിരുന്നു.
അതുപോലെ മോദിയുടെ റിമോട്ട് കൺട്രോൾ എന്ന പരാമർശം യു.പി.എ മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ നിയന്ത്രിച്ചിരുന്നത് സോണിയയായിരുന്നുവെന്ന് മുമ്പും മോദി പരാമർശിച്ചിട്ടുണ്ട്. അതുപോലെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ നിയന്ത്രിക്കുന്നതും ഗാന്ധി കുടുംബമാണെന്നും ആരോപണമുയർത്തിയിരുന്നു.
രാജ്യത്തിന്റെ മഹാനായ പുത്രനും അസമിന്റെ അഭിമാനവുമായ ഭൂപന്‍ ഹസാരികക്ക് ഭാരതരത്‌ന നല്‍കിയപ്പോള്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞത്, മോദി ഗായകര്‍ക്കും നര്‍ത്തകര്‍ക്കും പുരസ്‌കാരം നല്‍കുകയാണെന്നായിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. 2019 ല്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശം സൂചിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.1962 ലെ ഇന്ത്യാ-ചൈന യുദ്ധത്തിന് ശേഷം 'വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മുറിവുകള്‍ ഉണങ്ങിയിട്ടില്ലെ'ന്ന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാര്‍ നെഹ്‌റു പറഞ്ഞതും മോദി ഉയർത്തിക്കാട്ടി. 'കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ തലമുറ ആ മുറിവുകളില്‍ ഉപ്പ് വിതറുകയാണെന്നും മോദി വിമര്‍ശിച്ചു.
ദശാബ്ദങ്ങളോളം കോണ്‍ഗ്രസ് അസം ഭരിച്ചിട്ടും ബ്രഹ്‌മപുത്ര നദിക്കു കുറുകേ മൂന്ന് പാലങ്ങള്‍ നിര്‍മിക്കാന്‍ മാത്രമാണ് അവര്‍ക്ക് കഴിഞ്ഞത്. എന്നാല്‍ തങ്ങള്‍ അധികാരത്തിലെത്തിയപ്പോള്‍ ഒരു പതിറ്റാണ്ടിനുള്ളില്‍ ആറ് പുതിയ പാലങ്ങള്‍ നിര്‍മിച്ചെന്നും മോദി പറഞ്ഞു. തങ്ങളുടെ ഭരണകാലത്ത് ഭീകരാക്രമണങ്ങള്‍ നടന്നപ്പോള്‍ കോണ്‍ഗ്രസ് നിശബ്ദമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍, നമ്മുടെ സൈന്യം ഓപറേഷന്‍ സിന്ദൂര്‍ നടത്തുന്നു. പാകിസ്താന്റെ എല്ലാ കോണുകളില്‍നിന്നും ഭീകരതയെ പിഴുതെറിയുന്നു. എന്നാല്‍ കോണ്‍ഗ്രസുകാര്‍ പാകിസ്താന്‍ സൈന്യത്തോടൊപ്പമാണ് നില്‍ക്കുന്നത്. പാകിസ്താന്റെ നുണകള്‍ കോണ്‍ഗ്രസിന്റെ അജണ്ടയായി മാറുന്നു. അതുകൊണ്ടുതന്നെ നിങ്ങള്‍ എപ്പോഴും കോണ്‍ഗ്രസിനെ സൂക്ഷിക്കണമെന്നും മോദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

