ദീർഘകാലം ആരോഗ്യത്തോടെ ഇരിക്കട്ടെ...സോണിയ ഗാന്ധിക്ക് പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: 77ാം ജൻമദിനമാഘോഷിക്കുന്ന കോൺഗ്രസ് മുൻ പ്രസിഡന്റ് സോണിയ ഗാന്ധിക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സ് പ്ലാറ്റ്ഫോം വഴിയായിരുന്നു മോദിയുടെ ആശംസ.
''ജന്മദിനമാഘോഷിക്കുന്ന സോണിയ ഗാന്ധിക്ക് ആശംസകൾ നേരുന്നു. കൂടുതൽ കാലം ആരോഗ്യത്തോടെയിരിക്കട്ടെയെന്ന് ആശംസിക്കുകയാണ്.''-എന്നാണ് മോദി എക്സിൽ കുറിച്ചത്.
കോൺഗ്രസിനെ ഏറ്റവും കൂടുതൽ കാലം നയിച്ച നേതാവാണ് സോണിയ. ആരോഗ്യപ്രശ്നങ്ങളാൽ കുറച്ചുകാലമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് കോൺഗ്രസിന്റെ മുഖ്യ ചുമതലകൾ വഹിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി.വേണുഗോപാല്‍, ശശിതരൂര്‍, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങി നിരവധി പ്രമുഖര്‍ സോണിയയ്ക്ക് ആശംസയറിയിച്ചു. 'അഗാധമായ കാഴ്ചപ്പാടും അനുഭവസമ്പത്തുമുള്ള അവര്‍, സ്വേച്ഛാധിപത്യശക്തികളില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള ഐക്യശ്രമങ്ങള്‍ക്ക് വഴികാട്ടിയായി തുടരട്ടെ'- എന്നാണ് സ്റ്റാലിന്‍ കുറിച്ചത്.

