ആലു ശൈഖിന്റെ വിയോഗത്തിൽ നരേന്ദ്ര മോദി അനുശോചിച്ചു
text_fieldsന്യൂഡൽഹി: സൗദി ഗ്രാന്റ് മുഫ്തിയും മുതിർന്ന പണ്ഡിതരുടെ കൗൺസിൽ തലവനുമായ ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
‘സൗദി അറേബ്യയിലെ ഗ്രാൻഡ് മുഫ്തിയായിരുന്ന ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖിന്റെ ദുഃഖകരമായ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദു:ഖാർത്തമായ ഈ നിമിഷത്തിൽ ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും സൗദി അറേബ്യക്കും അവിടുത്തെ ജനങ്ങൾക്കും ഒപ്പമാണ്’ -പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഇന്നലെ പുലർച്ചെയായിരുന്നു ആലു ശൈഖിന്റെ അന്ത്യം. ഉച്ച കഴിഞ്ഞ് റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ മയ്യിത്ത് ഖബറടക്കി. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഇസ്‍ലാമിനും മുസ്‍ലിംകൾക്കും ഇസ്‍ലാമിക വിജ്ഞാനത്തിനും വലിയ സംഭാവനകൾ നൽകിയ വിശിഷ്ട പണ്ഡിതനെയാണ് സൗദി അറേബ്യക്കും ഇസ്‍ലാമിക ലോകത്തിനും നഷ്ടമായതെന്ന് റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സൗദി ജനതക്കും ഇസ്‍ലാമിക ലോകത്തിനും സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മ്ദ് ബിൻ സൽമാനും അനുശോചനം അറിയിച്ചു.
1999ലാണ് സൗദി അറേബ്യയിലെ ഏറ്റവും ഉയർന്ന മതപരമായ പദവിയായ ഗ്രാന്റ് മുഫ്തി സ്ഥാനത്തേക്ക് ആലു ശൈഖ് നിയമിതനാവുന്നത്. ശരീഅത്ത് നിയമം വ്യാഖ്യാനിക്കുകയും നിയമപരവും സാമൂഹികവുമായ കാര്യങ്ങളിൽ ഫത്‌വകൾ പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം രാജ്യത്തെ ഏറ്റവും ഉയർന്ന റാങ്കിലുള്ള മതപണ്ഡിതനായി സേവനമനുഷ്ഠിച്ചു. ഗ്രാൻഡ് മുഫ്തി സ്ഥാനത്തിന് പുറമെ കൗൺസിൽ ഓഫ് സീനിയർ സ്കോളേഴ്‌സ് ചെയർമാൻ, ജനറൽ പ്രസിഡൻസി ഫോർ സയന്റിഫിക് റിസർച്ച് ആൻഡ് ഇഫ്താ പ്രസിഡന്റ്, മുസ്‍ലിം വേൾഡ് ലീഗ് സുപ്രീം കൗൺസിൽ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

