കുംഭമേള ഭക്തർ മരിച്ച സംഭവത്തിൽ അനുശോചനമറിയിച്ച് മോദി
text_fieldsന്യൂഡൽഹി: തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയ മോദി ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളോടൊപ്പം തന്റെ ചിന്തകളുണ്ടാവുമെന്നും പ്രതികരിച്ചു. ദുരിതബാധിതരെ അധികാരികൾ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ ഭക്തരുടെ തിക്കിലും തിരക്കിലുംപെട്ട് 18 മരണം. 50 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 11 സ്ത്രീകളും നാലു കുട്ടികളുമാണുള്ളത്. മൂന്നുപേർ പുരുഷൻമാരാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
ശനിയാഴ്ച രാത്രി 10 മണിയോടെയുണ്ടായ അനിയന്ത്രിതമായ തിക്കും തിരക്കുമാണ് ആളപായത്തിനും പരിക്കിനും ഇടയാക്കിയത്. പ്രയാഗ് രാജിലേക്കുള്ള ട്രെയിൻ വരുന്ന 14,15 പ്ലാറ്റ്ഫോമുകളിലാണ് ആൾക്കൂട്ടം തിങ്ങിക്കൂടിയത്. ഒരു ദിവസം അഞ്ചു ലക്ഷം വരെ ആളുകൾ യാത്ര ചെയ്യുന്നതാണ് ഡൽഹി റെയിൽവേ സ്റ്റേഷൻ.
പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്‌ഫോം 14ൽ നിന്നായിരുന്നു ഈ തീവണ്ടി പോകേണ്ടിയിരുന്നത്. അതേ സമയം 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്‌സ്പ്രസുകൾ വൈകിയതോടെ മൂന്നു പ്ലാറ്റ്‌ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

