നരേന്ദ്ര മോദിക്ക് പരമോന്നത പുരസ്കാരം നൽകി ആദരിച്ച് ഘാന
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരമോന്നത പുരസ്കാരം നൽകി ആദരിച്ച് ഘാന. ഓഫീസർ ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഘാന പുരസ്കാരമാണ് നൽകിയത്. ബുധനാഴ്ച ഘാന പ്രസിഡന്റ് ദ്രാമണി മഹാമ ഇന്ത്യൻ പ്രധാനമന്ത്രിക്ക് പുരസ്കാരം സമ്മാനിച്ചു. പുരസ്കാരം നൽകിയതിൽ നന്ദി പ്രകടിപ്പിച്ച് മോദി എക്സിലെ കുറിപ്പിൽ രംഗത്തെത്തി.
ഘാനയുടെ പുരസ്കാരത്തിലൂടെ ആദരിക്കപ്പെട്ടുവെന്ന് മോദി എക്സിൽ കുറിച്ചു. 140 കോടി ഇന്ത്യക്കാർക്ക് വേണ്ടി വിനയത്തോടെ പുരസ്കാരം സ്വീകരിക്കുകയാണ്. രണ്ട് രാജ്യങ്ങളിലേയും യുവാക്കൾക്ക് അവാർഡ് സമർപ്പിക്കുന്നു. ഇന്ത്യയും ഘാനയും തമ്മിൽ വർഷങ്ങളായുള്ള ബന്ധമുണ്ടെന്നും മോദി പറഞ്ഞു.
അവാർഡ് ഉത്തരവാദിത്തം വർധിപ്പിക്കുകയും ചെയ്യുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനിയും ശക്തമാക്കാൻ ശ്രമിക്കുമെന്നും മോദി എക്സിൽ കുറിച്ചു. മോദിയുടെ രാഷ്ട്രതന്ത്രജ്ഞതക്കും നേതൃമികവിനുമാണ് പുരസ്കാരം നൽകിയതെന്ന് ഘാന അറിയിച്ചു.
അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രക്ക് ഘാന സന്ദർശനത്തോടെ തുടക്കമായിരുന്നു. 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ യാത്രക്കാണ് തുടക്കമായത്.ഘാന സന്ദർശനത്തിന് ശേഷം ട്രിനിഡാഡ് അൻറ് ടൊബാഗോ, അർജന്‍റീന എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷം മോദി ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിൽ എത്തും.
ഘാനയിലേക്കുള്ള സന്ദർശനം 30 വർഷത്തിനിടയിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, നമീബിയ എന്നിവിടങ്ങളിലേക്കും മോദിയുടെ ആദ്യ സന്ദർശനമാണ്.
ഘാന സന്ദർശനത്തിനിടെ സുരക്ഷാ സഹകരണം, ഭീകരവാദത്തിനെതിരായ പോരാട്ടം, ഊർജ്ജം, ഡിജിറ്റൽ അടിസ്ഥാന സൗകര്യം തുടങ്ങിയ വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ മോദിയുടെ സന്ദർശനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ഘാനയിലേക്കുള്ള സന്ദർശനത്തിന് വലിയ പ്രധാന്യമാണ് കൽപ്പിക്കപ്പെടുന്നത്. ഇന്ത്യ, ഘാനയിൽ നിന്ന് സ്വർണം ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

