Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമങ്ങളുമായി അടുത്ത ബന്ധമെന്ന് മോദി; 12 വർഷത്തിനിടെ നടത്തിയത് 'പൂജ്യം' വാർത്താസമ്മേളനം

text_fields
bookmark_border
മാധ്യമങ്ങളുമായി അടുത്ത ബന്ധമെന്ന് മോദി; 12 വർഷത്തിനിടെ നടത്തിയത് പൂജ്യം വാർത്താസമ്മേളനം
cancel

ന്യൂഡൽഹി: മാധ്യമപ്രവർത്തകർക്കായി വേദികളിൽ കസേരകൾ നിരത്തിയിരുന്ന കാലം മുതൽ മാധ്യമരംഗവുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച 'ദീപാവലി മിലൻ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മാധ്യമപ്രവർത്തനം പത്രക്കുറിപ്പുകളിൽ നിന്ന് 'ഇൻസ്റ്റാ റീൽസി'ലേക്ക് മാറിയതിന്റെ നീണ്ട യാത്രയ്ക്ക് താൻ സാക്ഷിയായെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, 2014-ൽ അധികാരമേറ്റതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ഇതുവരെ ഒറ്റയ്ക്ക് ഒരു വാർത്താസമ്മേളനം പോലും വിളിച്ചുചേർക്കുകയോ മാധ്യമപ്രവർത്തകരുടെ നേരിട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയോ ചെയ്തിട്ടില്ല.1990-കളുടെ തുടക്കത്തിൽ രാജ്യത്തുടനീളം പാർട്ടി യാത്രകൾ സംഘടിപ്പിക്കുമ്പോൾ മാധ്യമപ്രവർത്തകർക്കുള്ള സൗകര്യങ്ങൾ ഒരുക്കുക എന്നതായിരുന്നു തന്റെ പ്രധാന ചുമതലയെന്ന് മോദി പറഞ്ഞു. "ഡൽഹിയിൽ എത്തിയപ്പോഴും ഈ ഉത്തരവാദിത്തം ഞാൻ തുടർന്നു. അക്കാലത്ത് ഇതുപോലുള്ള ദീപാവലി മിലൻ പരിപാടികളിൽ നിങ്ങൾക്കായി കസേരകൾ ഇടുന്നതും നിങ്ങളെ സ്വീകരിക്കുന്നതുമായിരുന്നു എന്റെ ജോലി. അന്ന് ക്യാമറകൾ കുറവായിരുന്നെങ്കിലും ബന്ധങ്ങളിലെ ഊഷ്മളതയും ആവേശവും വളരെ വലുതായിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ വിജയഗാഥകൾ ലോകത്തിന് മുന്നിലെത്തിക്കാൻ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. വാർത്താലോകത്ത് അസാധ്യമായി ഒന്നുമില്ലെന്നും പ്രതിസന്ധി ഘട്ടങ്ങളിലും ദുരന്തമുഖങ്ങളിലും ഫീൽഡ് റിപ്പോർട്ടർമാർ ഓടിയെത്തുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മോദി, കോൺഗ്രസിനെയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും പരോക്ഷമായി വിമർശിക്കാനും മറന്നില്ല. "പണ്ട് 'ഗരീബി ഹഠാവോ' (ദാരിദ്ര്യം തുടച്ചുനീക്കുക) എന്ന മുദ്രാവാക്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ യഥാർത്ഥത്തിൽ ദാരിദ്ര്യം ഇല്ലാതാക്കിയത് ഈ സർക്കാരാണ്," അദ്ദേഹം അവകാശപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PM Modi Claims Close Ties with Media
Next Story