'ദ കേരള സ്റ്റോറി' തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് പ്രധാനമന്ത്രി
text_fieldsബംഗളൂരു: വിവാദമായ ദ കേരള സ്റ്റോറി സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യവിരുദ്ധ ശക്തികളെയും തീവ്രവാദവും തുറന്നുകാട്ടുന്ന സിനിമയാണത്. കോൺഗ്രസിന്റെത് തീവ്രവാദത്തെ പിന്തുണക്കുന്ന നിലപാടാണെന്നും മോദി ആരോപിച്ചു. കർണാടകയിലെ ബല്ലാരിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
മനോഹരമായ ഒരു സംസ്ഥാനത്ത് നടക്കുന്ന സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് സിനിമയെടുത്തിരിക്കുന്നത്. കേരളത്തിലെ തീവ്രവാദ ഗൂഢാലോചനയാണ് സിനിമ വിവരിക്കുന്നത്. എന്നാൽ തീവ്രവാദികൾക്കൊപ്പം ചേർന്ന് കോൺഗ്രസ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും മോദി പറഞ്ഞു. തീവ്രവാദ സംഘടനകളുമായി പിൻവാതിൽ ചർച്ച നടത്തുന്നവരാണ് കോൺഗ്രസുകാരെന്നും പ്രധാനമന്ത്രി വിമർശിച്ചു.
വോട്ട് ബാങ്കിന് വേണ്ടി കോണ്‍ഗ്രസ് തീവ്രവാദത്തിന് കീഴടങ്ങുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെടുന്നു. അങ്ങനെയുള്ള ഒരു പാര്‍ട്ടിക്ക് എന്നെങ്കിലും കര്‍ണാടകയെ രക്ഷിക്കാന്‍ കഴിയുമോ? ഭീകരാന്തരീക്ഷത്തില്‍ ഇവിടുത്തെ വ്യവസായവും ഐ.ടി വ്യവസായവും കൃഷിയും മഹത്തായ സംസ്‌കാരവും തകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ കേരള സ്റ്റോറി’ സിനിമക്കെതിരെയാണ് വിവാദം പുകയുന്നത്. കേരളത്തിൽനിന്ന് കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നാണ് അണിയറക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

