രാജ്യത്തിന് മോദിയുടെ നിർദേശം: ‘പെട്രോൾ ഉപയോഗം കുറക്കണം, വൈദ്യുത വാഹനം ഉപയോഗിക്കുക, വർക്ക് ഫ്രം ഹോം നടപ്പാക്കണം, സ്വർണം വാങ്ങുന്നത് ഒഴിവാക്കണം’
text_fieldsഹൈദരാബാദ്: പെട്രോൾ, ഡീസൽ വിലവർധനയിലേക്ക് സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശങ്ങൾ. പശ്ചിമേഷ്യൻ സംഘർഷം കാരണമുള്ള വിലക്കയറ്റം നേരിടാൻ ചെലവുചുരുക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഹൈദരാബാദിൽ നടന്ന ചടങ്ങിലാണ് പെട്രോൾ, ഡീസൽ ഉപയോഗം കുറക്കണമെന്നതടക്കമുള്ള സാമ്പത്തിക നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.
ഒരുവർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഉപേക്ഷിക്കണം, വിദേശ യാത്രകളും വിദേശത്തുനടത്തുന്ന വിവാഹങ്ങളും ഒഴിവാക്കണം, പെട്രോൾ-ഡീസൽ ഉപയോഗം കുറക്കാൻ മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണം, കാർ പൂളിങ് പ്രോത്സാഹിപ്പിക്കണം, ചരക്കുനീക്കത്തിനായി റെയിൽവേയ്ക്ക് മുൻഗണന നൽകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘അതിർത്തിയിൽ ജീവൻ ബലികഴിക്കുന്നത് മാത്രമല്ല, ദൈനംദിന ജീവിതത്തിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നതും രാജ്യസ്നേഹമാണ്. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകളും വിദേശത്തുനടത്തുന്ന വിവാഹങ്ങളും ഒഴിവാക്കണം. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടണം. കോവിഡ് കാലത്ത് ചെയ്തത് പോലെ 'വർക്ക് ഫ്രം ഹോം' സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണം, അടുത്ത ഒരു വർഷത്തേക്ക് അത്യാവശ്യമില്ലാത്ത സ്വർണം വാങ്ങുന്നത് ഒഴിവാക്കണം’ -പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഭ‘ക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാണ്. ദൈനംദിന ആവശ്യങ്ങൾക്കായി തദ്ദേശീയമായി നിർമിച്ച ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകണം. ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കണം. കർഷകർ രാസവളങ്ങളുടെ ഉപയോഗം 50 ശതമാനമായി കുറയ്ക്കണം. ഡീസൽ പമ്പുകൾക്ക് പകരം സൗരോർജത്തിലേക്ക് മാറണം. ആഗോള വിതരണ ശൃംഖലയിലുമുണ്ടായ തടസ്സങ്ങളും വിലക്കയറ്റവും നേരിടാൻ രാജ്യത്തിന് ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം ആവശ്യമാണ്. ഇതിനായി എല്ലാവരും സഹകരിക്കണം’ -മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

