യു.എൻ രക്ഷാസമിതി പരിഷ്‍കരണം അനിവാര്യം -പ്രധാനമന്ത്രി
text_fieldsജൊഹാനസ്ബർഗ്: യു.എൻ രക്ഷാസമിതി പരിഷ്‍കരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കയിൽ ജി20 ഉച്ചകോടിയോടനുബന്ധിച്ച് ബ്രസീൽ, ദക്ഷിണാഫ്രിക്ക രാഷ്ട്രനേതാക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ സഖ്യം വ്യക്തമായ സന്ദേശം നൽകണം.
ലോകത്ത് വലിയ ഭിന്നത പ്രകടമായ സാഹചര്യത്തിൽ ഐക്യം, സഹകരണം, മാനവികത എന്നിവയുടെ സന്ദേശം നൽകാൻ ത്രികക്ഷി സഖ്യത്തിന് കഴിയും. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് മുന്നേറണം. ഇത്തരം ഗുരുതര വിഷയത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല. മനുഷ്യ കേന്ദ്രീകൃതമായ വികസനത്തിൽ സാങ്കേതികവിദ്യക്ക് നിർണായക പങ്കുണ്ട്. യു.പി.ഐ, സൈബർ സുരക്ഷ, വനിത ടെക് സംരംഭങ്ങൾ, ആരോഗ്യ പ്ലാറ്റ്ഫോമുകൾ തുടങ്ങിയ പൊതു ഡിജിറ്റൽ സൗകര്യങ്ങൾ പങ്കുവെക്കാൻ ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക ഡിജിറ്റൽ നവീകരണ സഖ്യം രൂപവത്കരിക്കണമെന്ന നിർദേശവും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യാപാര സഹകരണം, അപൂർവ ധാതുക്കൾ, സാങ്കേതികവിദ്യ, നൈപുണ്യ വികസനം, നിർമിത ബുദ്ധി തുടങ്ങിയവ ചർച്ചയായി.
എ.ഐ ദുരുപയോഗം: ആഗോള കരാർ വേണം
ജൊഹാനസ്ബർഗ്: കൃത്രിമബുദ്ധിയുടെ (എ.ഐ) ദുരുപയോഗം തടയുന്നതിനായി ആഗോള കരാർ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യകൾ ധനകാര്യ കേന്ദ്രീകൃതമാകുന്നതിനുപകരം മനുഷ്യരെ കേന്ദ്രീകരിച്ചുള്ളതാകണമെന്നും ജി20 ഉച്ചകോടിയുടെ മൂന്നാം സെഷനിൽ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഡീപ് ഫേക്കുകളുണ്ടാക്കാനും കുറ്റകൃത്യങ്ങൾക്കും ഭീകര പ്രവർത്തനങ്ങൾക്കും എ.ഐ ഉപയോഗിക്കുന്നത് നിയന്ത്രിക്കണം. മനുഷ്യജീവിതത്തെയും സുരക്ഷയെയും ബാധിക്കുന്ന എ.ഐ സംവിധാനങ്ങൾ ഉത്തരവാദിത്തമുള്ളതും സുക്ഷ്മനിരീക്ഷണം നടത്താവുന്നതുമായിരിക്കണം. എ.ഐ മനുഷ്യന്റെ കഴിവുകൾ വർധിപ്പിക്കാനുള്ളതാകണം. എന്നാൽ, തീരുമാനമെടുക്കാനുള്ള ആത്യന്തിക ഉത്തരവാദിത്തം മനുഷ്യന് തന്നെ. -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

