‘നിന്ദ്യമായ പ്രവൃത്തി, ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കി,’-ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തിൽ പ്രധാനമന്ത്രി
text_fieldsന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്ക് നേരെ സുപ്രീംകോടതിയില്‍ ഉണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ജസ്റ്റിസുമായി താന്‍ സംസാരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ആക്രമണം ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കിയിരിക്കുന്നു. ഇത്തരം നിന്ദ്യമായ പ്രവൃത്തികള്‍ക്ക് നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘എക്‌സി’ലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ആക്രമണമുണ്ടായ സമയത്ത് ചീഫ് ജസ്റ്റിസ് ഗവായ് പ്രകടിപ്പിച്ച സംയമനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. നീതിയുടെ മൂല്യങ്ങളോടും ഭരണഘടനയുടെ അന്തഃസത്തയെ ശക്തിപ്പെടുത്തുന്നതിലുമുള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി കുറിച്ചു.
തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് കോടതിയിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ രാകേഷ് കിഷോര്‍ എന്ന അഭിഭാഷകന്‍ ഷൂസ് ഊരി ചീഫ് ജസ്റ്റിസ് ഗവായിക്ക് നേരെ എറിഞ്ഞത്. എന്നാല്‍, ഷൂ ലക്ഷ്യത്തിലെത്തിയിരുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനടി ഇയാളെ കസ്റ്റഡിയിലെടുത്തു. സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ പൊറുക്കില്ല എന്ന് വിളിച്ച് പറഞ്ഞുകൊണ്ടായിരുന്നു ഇയാളുടെ ആക്രണം. ഇങ്ങനെ എഴുതിയ കുറിപ്പും ഇയാളില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ചീഫ് ജസ്റ്റിസിനെ സുപ്രീം കോടതിയിൽ ആക്രമിക്കാൻ ശ്രമിച്ചത് അഭൂതപൂർവവും ലജ്ജാകരവും വെറുപ്പുളവാക്കുന്നതുമായ സംഭവമാണെന്ന് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഭരണഘടന ഉയർത്തിപ്പിടിക്കുന്നതിന് സാമൂഹിക തടസ്സങ്ങൾ തകർത്ത ഒരു മനുഷ്യനെ ഭീഷണിപ്പെടുത്താനും അപമാനിക്കാനുമുള്ള ശ്രമമാണ് നടന്നത്. കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ, വെറുപ്പും മതഭ്രാന്തും വർഗീയതയും നമ്മുടെ സമൂഹത്തെ എത്രമാത്രം ഗ്രഹിച്ചുവെന്ന് ഇത് വ്യക്തമാക്കുന്നു. നീതിന്യായ വ്യവസ്ഥയുടെ സുരക്ഷയാണ് പരമപ്രധാനം. ഭീഷണിയല്ല, നീതിയും യുക്തിയും നിലനിൽക്കട്ടെയെന്നും ഖാർഗെ കുറിച്ചു.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനും ഭരണഘടനയുടെ ആത്മാവിനും നേരെയുള്ള ആക്രമണമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. അത്തരം വിദ്വേഷത്തിന് നമ്മുടെ രാജ്യത്ത് സ്ഥാനമില്ലെന്നും അത് അപലപിക്കപ്പെടേണ്ടതാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയത് സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

