ന്യൂഡൽഹി: ലോക്ഡൗണിന് ശേഷം തീയേറ്ററിലെത്തുന്ന ആദ്യ ചിത്രമാകാൻ പി.എം നരേന്ദ്ര മോദി. വിവേക് ഓബ്റോയി നായകനാകുന്ന ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കിയുള്ളതാണ്. 2019 മെയ് 24ന് റിലീസ് ചെയ്ത ചിത്രം ഒക്ടോബർ 15നാണ് വീണ്ടും തീയേറ്ററുകളിലെത്തുക.
ചരിത്രത്തോട് നീതിപുലർത്തുന്നില്ലെന്ന് വ്യാപക വിമർശനം കേട്ട ചിത്രം ആദ്യഘട്ടത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. നരേന്ദ്രമോദിയെപ്പോലെ ഇന്ത്യകണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയുടെ ജീവിതം കാണാൻ ജനങ്ങളെത്തുമെന്നാണ് പ്രതീക്ഷയെന്ന് നിർമാതാവ് സന്ദീപ് സിങ് പ്രതികരിച്ചു. ആദ്യഘട്ടത്തിൽ രാഷ്ട്രീയമായ മുൻവിധികൾ കാരണം പലരും ചിത്രം കണ്ടില്ലെന്നും നിർമാതാവ് കൂട്ടിച്ചേർത്തു.
ഒമങ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിന് വിവേക് ഓബ്റോയിയും അനിരുദ്ധ ചൗളയും ചേർന്നാണ് തിരിക്കഥയൊരുക്കിയത്. പ്രമുഖ ഓൺലൈൻ ഫിലിം റിവ്യൂ വെബ്സൈറ്റായ ഐ.എം.ഡി.ബി ചിത്രത്തിന് 10ൽ 3.1 റേറ്റിങ്ങാണ് നൽകിയിട്ടുള്ളത്.