അവസാനഘട്ട പ്രചരണത്തിനായി മോദിയും കെജ്രിവാളും ഇന്ന് ഗുജറാത്തിൽ
text_fieldsന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തയാഴ്ച നടക്കാനിരിക്കെ അവസാനഘട്ട പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളും ഇന്ന് ഗുജറാത്തിലെത്തും. ആദ്യഘട്ടവോട്ടെടുപ്പ് നടക്കുന്ന സൂറത്തിൽ ഇരുവരും പ്രചരണം നടത്തുമെന്നാണ് റിപ്പോർട്ട്.
സൂറത്തിലെ മോത്ത വരച്ചയിൽ നടക്കുന്ന പൊതുപരിപാടിയിൽ നരേന്ദ്രമോദി സംസാരിക്കുമെന്ന് ബി.ജെ.പി വക്താവ് അറിയിച്ചു. ബറൂച്ചിലും ഖേദയിലും നടക്കുന്ന റാലികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. രണ്ടുദിവസത്തെ പര്യടനത്തിനായാണ് കെജ്രിവാൾ ഗുജറാത്തിലെത്തുന്നത്. വിവിധ ഇടങ്ങളിലായി നടക്കുന്ന പൊതുയോഗങ്ങളിലും കതർഗാമിൽ നടക്കുന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.
തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക കഴിഞ്ഞദിവസം ബി.ജെ.പി പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പാക്കുമെന്നതാണ് ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. അധികാരത്തിലെത്തിയാൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നിർത്തലാക്കുന്നതിനായി തീവ്രവാദ വിരുദ്ധ സെല്ലുകൾ ആരംഭിക്കുമെന്നും പ്രകടന പത്രികയിലുണ്ട്.
എ.എ.പിയെയും ബി.ജെ.പിയെയും കൂടാതെ കോൺഗ്രസും സഖ്യകക്ഷിയായ എൻ.സി.പിയും മത്സര രംഗത്തുണ്ട്. ഡിസംബർ ഒന്ന്, അഞ്ച് ദിവസങ്ങളിൽ രണ്ടുഘട്ടങ്ങളിലായാണ് മത്സരം നടക്കുക. ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കും.