കേന്ദ്ര മന്ത്രിമാർ പവാറിനെതിരെ ഭീഷണി മുഴക്കുന്നു -സഞ്ജയ് റാവുത്ത്
text_fieldsമുംബൈ: ചില കേന്ദ്ര മന്ത്രിമാർ എൻ.സി.പി നേതാവ് ശരത് പവാറിനെതിരെ ഭീഷണി ഉയർത്തുന്നുവെന്ന് ശിവസേന എം.പി സഞ്ജയ് റാവുത്ത്. മഹാരാഷ്ട്രയിൽ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഭീഷണി. മഹാ വികാസ് അഗാഡി സഖ്യത്തെ സംരക്ഷിക്കാൻ പ്രയത്നിച്ചാൽ ജീവന് തന്നെ അപകടമുണ്ടാക്കും എന്ന തരത്തിലാണ് ബി.ജെ.പിയിലെ ഒരു കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തിയതെന്ന് അദ്ദേഹം പറയുന്നു. സഖ്യം നിലനിന്നാലും ഇല്ലെങ്കിലും ഇത്തരം സംസാരങ്ങൾ അംഗീകരിക്കാൻ ആകില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
കൂടുതൽ രാഷ്ട്രീയ പിരിമുറുക്കങ്ങൾ ഉണ്ടാക്കുന്നതിന് പിന്നിൽ അമിത് ഷായും മോദിയുമാണ്. ഭീഷണി തുടർന്നാൽ തെരുവിൽ പ്രതിഷേധം നടത്തുമെന്നും സഞ്ജയ് റാവുത്ത് വ്യക്തമാക്കി.
അതേസമയം, ബി.ജെ.പിയുമായി ചേർന്ന് സർക്കാറുണ്ടാക്കാനുള്ള നീക്കം ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ ശക്തമാക്കി. തന്നെ നിയമസഭാകക്ഷി നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് ഷിൻഡെ ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും വ്യാഴാഴ്ച രാത്ര കത്തയച്ചു. ഭാരത് ഗോഗേവാലയെ ചീഫ് വിപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ഉദ്ധവ് താക്കറെ സർക്കാറിനെ താഴെയിടാനുള്ള ആൾബലം സ്വന്തം പക്ഷത്തിന് ആയിക്കഴിഞ്ഞു എന്നാണ് ഷിന്‍ഡെ അവകാശപ്പെടുന്നത്. പക്ഷെ ഇത്തരം നീക്കങ്ങൾ നടത്താൻ രാജ്യത്തെ നിയമപരമായ കാര്യങ്ങൾ കൂടി അനുസരിക്കേണ്ടതുണ്ടെന്ന് സഞ്ജയ് റാവുത്ത് വിമർശിച്ചു. വിമത പക്ഷത്തുള്ള എം.എൽ.എമാരുടെ എണ്ണം പലതാണ് കേൾക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.