സൈന്യത്തിന് സല്യൂട്ട്; വെടിനിർത്തലിന് ആദ്യം സമീപിച്ചത് പാകിസ്താൻ -പ്രധാനമന്ത്രി
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
ന്യൂഡൽഹി: പഹൽഗാമിലുണ്ടായത് സമാനതകളില്ലാത്ത ക്രൂരതയെന്നും ‘ഓപ്പറേഷൻ സിന്ദൂർ’ വെറുമൊരു പേരല്ലെന്നും ജനങ്ങളുടെ വികാരങ്ങളുടെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് പറഞ്ഞു. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’ന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ആണവ ഭീഷണി ഇന്ത്യയോട് വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
സൈന്യത്തിന്‍റേത് അസാമാന്യമായ ധീരതയാണെന്നും സൈന്യത്തിന് സല്യൂട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സിന്ദൂർ വെറും പേരല്ല, അതിൽ രാജ്യത്തെ ജനങ്ങളുടെ വികാരമാണ് പ്രതിഫലിച്ചത്. ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു. നമ്മുടെ സ്ത്രീകളുടെ നെറ്റിയിൽ നിന്ന് 'സിന്ദൂരം' മായ്ച്ചതിന്റെ അനന്തരഫലം ശത്രുക്കൾ ഇപ്പോൾ തിരിച്ചറിഞ്ഞു. രാജ്യം ഒറ്റക്കെട്ടായി ഭീകരവാദത്തിനെതിരെ രംഗത്തെത്തി. രാജ്യം ആഗ്രഹിച്ച പോലെ ഭീകരരെ ഇല്ലാതാക്കി -അദ്ദേഹം പറഞ്ഞു.
വെടിനിർത്തലിന് ആദ്യം സമീപിച്ചത് പാകിസ്താനാണെന്നും അപ്പോഴേക്കും രാജ്യം ലക്ഷ്യം കണ്ടുകഴിഞ്ഞിരുന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നമ്മുടെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനത്തിന് മുന്നിൽ അവരുടെ ഡ്രോണുകളും മിസൈലുകളും എങ്ങനെ തകർന്നുവീണുവെന്ന് ലോകം കണ്ടു. അതിർത്തി ആക്രമണത്തിന് പാകിസ്താൻ തയാറെടുത്തു, പക്ഷേ ഞങ്ങൾ അവരുടെ നെഞ്ചിലേക്ക് ആക്രമിച്ചു. നമ്മുടെ മിസൈലുകളും ഡ്രോണുകളും പാകിസ്ഥാൻ അഭിമാനിച്ചിരുന്ന വ്യോമതാവളങ്ങൾക്ക് കേടുപാടുകൾ വരുത്തി. മൂന്ന് ദിവസത്തിനുള്ളിൽ, ഇന്ത്യ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധം പാകിസ്താനെ നശിപ്പിച്ചു. അതിനാൽ, സംഘർഷം കുറയ്ക്കണമെന്ന് പാകിസ്ഥാൻ ലോകത്തിന് മുന്നിൽ യാചിക്കാൻ തുടങ്ങി…. അപ്പോഴേക്കും, നമ്മൾ അവരുടെ ഭീകര കേന്ദ്രങ്ങൾ നശിപ്പിച്ചിരുന്നു.
വെടിനിർത്തൽ ഉപാധികളോടെയാണ്. പാകിസ്താനെതിരായ സൈനിക നീക്കം തൽക്കാലം നിർത്തിവെച്ചെന്നേയുള്ളൂ. അവരുടെ പെരുമാറ്റത്തിനനുസരിച്ചാകും ഇതിന്റെ ഭാവി. ദയനീയ പരാജയം ഏറ്റുവാങ്ങിയതിൽ പിന്നെ വെടിനിർത്തലിന് പാകിസ്താൻ രാജ്യത്തെ സമീപിക്കുകയായിരുന്നു. തെറ്റായ സാഹസം അവസാനിപ്പിക്കാമെന്ന് പാകിസ്താൻ ഉറപ്പുനൽകിയ ശേഷമാണ് ഇന്ത്യ സൈനിക നീക്കം നിർത്തിവെച്ചത്.
ഭീകരതയും സംഭാഷണവും ഒന്നിച്ചുപോകില്ല. 100ലേറെ കൊടുംഭീകരരാണ് ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തിയ ഭീകരർ പാകിസ്താനിൽ സ്വതന്ത്രമായി നടക്കുകയായിരുന്നു. അവരെ ഒറ്റയടിക്ക് ഇന്ത്യ ഇല്ലാതാക്കി. ഭീകര കേന്ദ്രങ്ങൾ മാത്രമല്ല, അവരുടെ ധൈര്യവും രാജ്യം ചോർത്തി. ഭാവൽപൂരിലെയും മുദ്‍രികെയിലെയും കേന്ദ്രങ്ങൾ ആഗോള ഭീകരതയുടെ യൂനിവേഴ്സിറ്റികളായിരുന്നു. ലോകത്തുനടന്ന വലിയ ഭീകരാക്രമണങ്ങളൊക്കെയും ഇവയുമായി ബന്ധമുള്ളതായിരുന്നു.
ഇത്ര വലിയ നടപടി ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഭീകരർ സ്വപ്നത്തിൽ പോലും കരുതിയില്ല. സൈനിക നീക്കത്തിനുശേഷം നിരാശ ബാധിച്ച പാകിസ്താൻ ഭീകരതക്കെതിരായ പോരാട്ടത്തിൽ സഹായിക്കുന്നതിനുപകരം ഇന്ത്യയെ ആക്രമിക്കുകയായിരുന്നു. സ്കൂളുകൾ, കോളജുകൾ, ഗുരുദ്വാരകൾ, ക്ഷേത്രങ്ങൾ, സാധാരണക്കാരുടെ വീടുകൾ എന്നിവയും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടു. പാക് ഡ്രോണുകളും മിസൈലുകളും ലക്ഷ്യം കാണുന്നതിനുപകരം വൈക്കോൽ പോലെ ചിതറിപ്പോകുകയായിരുന്നു. ഭീകരരെ തുടച്ചുനീക്കാൻ ഇന്ത്യൻ സേനക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് -പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.