പി.എം കിസാൻ നിധി വിതരണം: ഇന്ന് പ്രവർത്തിക്കാൻ ബാങ്കുകൾക്ക് കേന്ദ്ര നിർദേശം
text_fieldsകൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച ‘പി.എം കിസാൻ സമ്മാൻ നിധി’ തുക വിതരണത്തിന് പൊതുമേഖല ബാങ്കുകൾ പൊതുഅവധി ദിവസമായ ആഗസ്റ്റ് മൂന്ന് ഞായറാഴ്ച പ്രവർത്തിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശം. പി.എം കിസാൻ നിധിയുടെ കുടിശ്ശികയായ 20ാം ഗഡു തുക വിതരണം ശനിയാഴ്ച സ്വന്തം മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഈ തുക ഞായറാഴ്ചതന്നെ വിതരണം ചെയ്യാനാണ് കേന്ദ്ര ധനവകുപ്പ് ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വിവിധ ബാങ്കുകൾ ഞായറാഴ്ച ജോലിക്ക് എത്താൻ ജീവനക്കാർക്ക് നിർദേശം നൽകി. പൊതു അവധിദിനത്തിൽ പ്രവർത്തിക്കാൻ റിസർവ് ബാങ്ക് വിജ്ഞാപനമോ ഗസറ്റ് വിജ്ഞാപനമോ ഇല്ലാതെയാണ് കേന്ദ്ര നിർദേശം. ഇതിനെതിരെ ശക്തമായ എതിർപ്പുമായി ബാങ്ക് ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ സംയുക്ത വേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) രംഗത്തെത്തി.
കേന്ദ്ര കൃഷി-കർഷകക്ഷേമ വകുപ്പ് ജൂലൈ 29നാണ് പി.എം കിസാൻ നിധി ഗഡുവിതരണം ആഗസ്റ്റ് രണ്ടിന് നടക്കുമെന്ന് അറിയിച്ചത്. ഈ തുക അവധി ദിനമായ തൊട്ടുപിറ്റേന്ന് വിതരണം ചെയ്യുന്നതിന് ബാങ്കുകളോട് ഞായറാഴ്ച പ്രവർത്തിക്കാൻ ധന വകുപ്പ് നിർദേശിക്കുകയായിരുന്നു. 9.7 കോടി കർഷകർക്ക് 20,500 കോടി രൂപ വിതരണം ചെയ്യുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. തുക വിതരണം സുഗമമാക്കാൻ റിസർവ് ബാങ്കിന്റെ ഫണ്ട് ട്രാൻസ്ഫർ സംവിധാനവും ഞായറാഴ്ച പ്രവർത്തിക്കുമെന്ന് പറയുന്നു.
ഏതെല്ലാം ശാഖ പ്രവർത്തിക്കണമെന്നും ജോലിക്ക് എത്തേണ്ടവർ ആരെല്ലാമാണെന്നും സോണൽ/റീജനൽ ഓഫിസുകൾ നിർദേശം നൽകുമെന്നും അതനുസരിച്ച് മാത്രം ജോലിക്ക് എത്തിയാൽ മതിയെന്നുമാണ് പറയുന്നത്. നിർദേശം ലഭിക്കാത്തപക്ഷം ജോലിക്ക് എത്തുകയോ ശാഖ തുറക്കുകയോ വേണ്ടെന്നും ജോലിക്ക് എത്തുന്നവർക്ക് മറ്റൊരു ദിവസം ഓഫ് ലഭിച്ചില്ലെങ്കിൽ സംഘടന ഇടപെടുമെന്നും ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ ഭാരവാഹി ശ്രീനാഥ് ഇന്ദുചൂഡൻ അംഗങ്ങൾക്കുള്ള സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

