ചൈനയുമായും പാകിസ്താനുമായും ഇന്ത്യ യുദ്ധം ചെയ്യും; തിയതി മോദി കുറിച്ചെന്ന് യു.പി ബി.ജെ.പി അധ്യക്ഷൻ
text_fieldsന്യൂഡൽഹി: ചൈനയുമായും പാകിസ്താനുമായും ഇന്ത്യ യുദ്ധം ചെയ്യുമെന്നും ഇതിനുള്ള തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചുവെന്നുമുള്ള വിവാദ പ്രസ്താവനയുമായി ബി.ജെ.പി യു.പി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്.
രാമക്ഷേത്ര നിർണമാണം ആരംഭിച്ചതും ആർട്ടിക്കൾ 370 റദ്ദാക്കിയതും പോലെ ചൈനയുമായും പാകിസ്താനുമായുള്ള യുദ്ധത്തിെൻറ കാര്യത്തിലും മോദി തീരുമാനമെടുത്തിട്ടുണ്ടെന്ന് സ്വതന്ത്ര ദേവ് സിങ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലാണ് അദ്ദേഹത്തിെൻറ പ്രസ്താവന അടങ്ങിയ വിഡിയോ ക്ലിപ് പ്രചരിക്കുന്നത്. ബി.ജെ.പി എം.എൽ.എ സഞ്ജയ് യാദവിെൻറ വീട്ടിൽ നടന്ന ചടങ്ങിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിഡിയോയിൽ സമാജ്വാദി പാർട്ടി, ബഹുജൻ സമാജ്വാദി പാർട്ടി പ്രവർത്തകരെ തീവ്രവാദികളോടാണ് ബി.ജെ.പി അധ്യക്ഷൻ ഉപമിക്കുന്നത്. വിഡിയോ വിവാദമായതോടെ പ്രവർത്തകരുടെ ആത്മവിശ്വാസം ഉയർത്താനാണ് അധ്യക്ഷൻ അത്തരം പ്രസംഗം നടത്തിയതെന്ന വിശദീകരണവുമായി ബി.ജെ.പി എം.പി രവീന്ദ്ര കുഷ്വാഹ രംഗത്തെത്തി.
