
നൈപുണ്യ വികസന പദ്ധതികൾ ലഭ്യമാക്കാൻ ഇനി 'പി.എം ദക്ഷ്' വെബ്സൈറ്റും മൊബൈൽ ആപ്പും
text_fieldsന്യൂഡൽഹി: നൈപുണ്യ വികസന പദ്ധതികൾക്കായി വെബ്സൈറ്റും ആപ്പും പുറത്തിറക്കി കേന്ദ്രം. പിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾ, ശുചീകരണത്തൊഴിലാളികൾ തുടങ്ങിയവർക്ക് നൈപുണ്യ വികസന പദ്ധതികൾ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി പി.എം ദക്ഷ് (PM-DAKSH) പോർട്ടൽ, മൊബൈൽ ആപ്പ് എന്നിവ കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി വിരേന്ദ്ര കുമാർ ശനിയാഴ്ച പുറത്തിറക്കി.
യുവാക്കളെ ലക്ഷ്യമിട്ടാണ് പോർട്ടലും ആപ്പും പുറത്തിറക്കിയിരിക്കുന്നത്. പിന്നാക്ക വിഭാഗങ്ങൾക്ക് നൈപുണ്യ വികസന പദ്ധതികളുടെ ആനുകൂല്യം എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പദ്ധതിക്ക് കീഴിൽ ലക്ഷ്യം വെക്കുന്നവർക്ക് നൈപുണ്യ വികസന പരിശീലന പരിപാടികൾ, ഹ്രസ്വകാല പരിശീലന പരിപാടികൾ, ദീർഘകാല പരിശീലന പരിപാടികൾ, സംരംഭകത്വ വികസന പരിപാടികൾ തുടങ്ങിയവ ലഭ്യമാക്കുകയാണ് ലക്ഷ്യം. സർക്കാർ പരിശീലന സ്ഥാപനങ്ങൾ, സ്കിൽ കൗൺസലുകൾ എന്നിവകൾ വഴിയാണ് ഇവ സർക്കാർ നേതൃത്വത്തിൽ ലഭ്യമാക്കുക.
നൈപുണ്യ വികസന പരിപാടികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ലഭ്യമാകും. കൂടാതെ, തൊട്ടടുത്ത കേന്ദ്രത്തിൽ നടക്കുന്ന നൈപുണ്യ വികസന പരിശീലന പരിപാടികൾ അറിയുന്നതിനും രജിസ്റ്റർ ചെയ്യാനും ഇതിലൂടെ സാധിക്കും.
രജിസ്റ്റർ ചെയ്തവരുടെ വ്യക്തിവിവങ്ങൾ വെബ്സൈറ്റിലൂടെ അപ്ലോഡ് ചെയ്യാൻ കഴിയും. പരിശീലന പരിപാടിയിൽ മുഖവും കണ്ണും സ്കാൻ ചെയ്ത് ഹാജർ രേഖപ്പെടുത്താനും ഇതുവഴി സാധിക്കുമെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
