ന്യൂഡൽഹി: ഇന്ത്യ -ചൈന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നുണ പറയുകയാെണന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യ സുരക്ഷയെയും അതിർത്തിയെയും ദുർബലപ്പെടുത്തുന്ന കാര്യങ്ങൾക്ക് കോൺഗ്രസ് പിന്തുണ നൽകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് എം.പിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈന വിഷയത്തിൽ പ്രധാനമന്ത്രി തുടർച്ചയായി നുണ പറയുന്നു. ഇതൊരു രാഷ്ട്രീയ വിഷയമല്ലെന്നും പറയുന്നു. രാജ്യത്തെ തളർത്തുന്ന കാര്യങ്ങളിൽ കോൺഗ്രസ് പാർട്ടിക്ക് കൂട്ടുനിൽക്കാനാവില്ല. രാജ്യ സുരക്ഷയെയും രാജ്യാതിർത്തിയും ദുർബലപ്പെടുത്താൻ പാടില്ലെന്ന നിലപാടിലാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ കോവിഡിനെ കൈകാര്യം െചയ്യുന്ന രീതിയെയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സഹായ ആവശ്യത്തിനോട് കേന്ദ്രസർക്കാർ പുറം തിരിഞ്ഞുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോവിഡിെൻറ പശ്ചാത്തലത്തിൽ രൂപീകരിച്ച പി.എം കെയേർസ് ഫണ്ട് ഓഡിറ്റ് പരിധിയിൽ ഉൾപ്പെടുത്താത്തതിലും വിമർശനം ഉയർന്നു. ചൈനീസ് മിലിറ്ററി കമ്പനികൾ പി.എം കെയേർസിലേക്ക് സംഭാവന നൽകിയതായി അദ്ദേഹം ആരോപിച്ചു.
സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ. സുരേഷ്, എ.കെ. ആൻറണി, മാണിക്യം ടാഗോർ, ഗൗരവ് ഗൊഗോയ് തുടങ്ങിയവർ പെങ്കടുത്തു. രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവും ഇവർ ഉയർത്തി.
Latest Video: