ന്യൂഡൽഹി: പി.എം കെയേഴ്സ് ഫണ്ടിലേക്ക് അഞ്ച് ദിവസത്തിൽ സംഭാവനയായി ലഭിച്ചത് 3,076 കോടിയെന്ന് കേന്ദ്രസർക്കാറിൻെറ ഓഡിറ്റ് റിപ്പോർട്ട്. പി.എം കെയേഴ്സ് ഫണ്ടിൻെറ വെബ്സൈറ്റിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മാർച്ച് 27 മുതൽ 31 വയെുള്ള ദിവസങ്ങളിലാണ് ഏകദേശം 3,076 കോടി ഫണ്ടിലേക്ക് ലഭിച്ചത്.
എന്നാൽ, പണം നൽകിയവരുടെ പേര് വിവരങ്ങൾ കേന്ദ്രസർക്കാർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സംഭാവനയായി ലഭിച്ചതിൽ 3,075.85 കോടി ഇന്ത്യയിൽ നിന്നും 39.67 ലക്ഷം വിദേശരാജ്യങ്ങളിൽ നിന്നുമാണ് നിക്ഷേപിക്കപ്പെട്ടത്. പി.എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകിയവരുടെ പേരുവിവരം ഉടൻ വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് എം.പി പി.ചിദംബരം ആവശ്യപ്പെട്ടു.
ഇത്തരം ഫണ്ടുകളിലേക്ക് സംഭാവന നൽകുന്ന എൻ.ജി.ഒകളുടേയും ട്രസ്റ്റുകളുടേയും വിവരങ്ങൾ പുറത്ത് വിടണമെന്നാണ് ചട്ടം. എന്നാൽ, പി.എം കെയേഴ്സ് ഫണ്ടിൽ ഇത് ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.