കരൂർ ദുരന്തം; മരിച്ചവരിൽ 2വയസുകാരനും
text_fieldsന്യൂഡൽഹി: കരൂർ റാലി ദുരന്തത്തിൽ മരിച്ചവരിൽ 2 വയസ്സുകാരനും. തന്‍റെ മാതാപിതാക്കൾക്കൊപ്പം റാലിയിൽ പങ്കെടുക്കാനെത്തിയ ധ്രുവ് വിഷ്ണുവിനാണ് ജീവൻ നഷ്ടമായത്. ദുരന്തത്തിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ ഇരയാണ് ധ്രുവ്. അപകടത്തിൽ മരണപ്പെട്ട 40 പേരിൽ കുറഞ്ഞത് 10 പേരെങ്കിലും പ്രായപൂർത്തിയാകാത്തവരാണ്.
കൊല്ലപ്പെട്ടവരുടെ കുടംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് വാഗ്ദാനം ചെയ്തു. ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശ്വസിപ്പിച്ചു.
തമിഴ്നാട് മുഖ്യമന്ത്രിയും ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷവും പരിക്കേറ്റവർക്ക് 1 ലക്ഷവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സ്റ്റാലിൻ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
കരൂരിലെത്തി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെ കണ്ട് ആശ്വസിപ്പിച്ച പ്രതിപക്ഷ നേതാവ് എടപ്പാടി പളനി സ്വാമി ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് ആരോപിച്ചു. എല്ലാ രാഷ്ട്രീയ റാലികളിലും കർശന പ്രോട്ടോകോൾ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ് നടൻ വിജയിയുടെ തമിഴക വെട്രി കഴകത്തിന്‍റെ രാഷ്ട്രീയ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കഴിഞ്ഞ ദിവസം 40 പേർ മരിക്കുകയും നിരവധിപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

