പരീക്ഷാ പരിഷ്കാരങ്ങൾക്ക് നന്ദൻ നിലേക്കനിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി; ഇൻസ്റ്റഗ്രാം വിഡിയോയിൽ പ്രധാനമന്ത്രി
text_fieldsനരേന്ദ്രമോദി, നന്ദൻ നിലേക്കനി
ന്യൂഡൽഹി: പരീക്ഷാ പരിഷ്‍കരണത്തിന് ഉന്നതതല ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇൻഫോസിസ് സഹസ്ഥാപകനും സാങ്കേതിക വിദഗ്ധനുമായ നന്ദൻ നിലേക്കനിയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്ക് ഫോഴ്സ് രൂപവത്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
രാജ്യത്തെ പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ ശിപാർശ ചെയ്യുന്നതിനായാണ് ടാസ്ക് ഫോഴ്സിന്റെ രൂപവത്കരണം. നീറ്റ് 2026 ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ രാജ്യവ്യാപക വിദ്യാർഥി പ്രതിഷേധങ്ങൾക്കും പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത സംബന്ധിച്ച ആശങ്കകൾക്കുമിടെയാണ് നരേന്ദ്രമോദിയുടെ പ്രഖ്യാപനം.
വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നത് സർക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ ഭാവികൊണ്ട് കളിച്ചവർ ഇപ്പോൾ ജയിലിലാണെന്നും, ചോദ്യ പേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപവത്കരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. ഇതിനൊപ്പം പരീക്ഷാ സംവിധാനത്തെ കൂടുതൽ സുതാര്യവും വിശ്വസനീയവും സാങ്കേതികവിദ്യ അധിഷ്ഠിതവുമാക്കുന്നതിനുള്ള ദീർഘകാല പരിഷ്കാരങ്ങളാണ് പുതിയ ടാസ്‌ക് ഫോഴ്സിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നന്ദൻ നിലേക്കനിയുടെ നേതൃത്വത്തിലുള്ള സമിതി പരീക്ഷാ നടത്തിപ്പിൽ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, ചോദ്യപേപ്പർ സുരക്ഷ, ഡിജിറ്റൽ നിരീക്ഷണ സംവിധാനം, പരീക്ഷാ ഏജൻസികളുടെ പ്രവർത്തനരീതി, സുതാര്യത വർധിപ്പിക്കുന്ന നടപടികൾ എന്നിവ പരിശോധിച്ച് സർക്കാരിന് ശിപാർശകൾ സമർപ്പിക്കും. സമിതിയുടെ ശുപാർശകൾ അടിസ്ഥാനമാക്കി പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കോക്രോച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ പ്രതിഷേധങ്ങളെ തുടർന്ന് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പടിയിറങ്ങിയിരുന്നു. ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതോടെ, മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി വിജ്ഞാപനമിറങ്ങുകയായിരുന്നു. ഡൽഹി ജന്തർമന്തറിലെ പ്രതിഷേധം കടുത്തതോടെയാണ് സർക്കാരിന് സമരക്കാരുടെ ആവശ്യത്തിന് വഴങ്ങേണ്ടി വന്നത്. സമര നേതൃത്വവുമായി കേന്ദ്ര സർക്കാർ മൂന്ന് വട്ടം ചർച്ച നടത്തിയിരുന്നു. സി.ജെ.പി വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചുനിന്നതോടെ മറ്റ് വഴികളില്ലാതെ ധർമേന്ദ്ര പ്രധാന് രാജി വെക്കേണ്ടി വരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

