
75ാം സ്വാതന്ത്ര്യദിനത്തിൽ 75 വന്ദേ ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച് മോദി
text_fieldsന്യൂഡൽഹി: 75ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളെ ഉൾപ്പെടെ ബന്ധിപ്പിക്കുന്ന 75 വന്ദേ ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് മോദിയുടെ പ്രഖ്യാപനം.
ആഭ്യന്തര വിമാന സർവിസുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ ഉഡാൻ വിമാന സർവിസിന് സമാനമാകും വന്ദേ ഭാരത് ട്രെയിൻ സർവിസുകൾ. 'സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ 75 ആഴ്ചകളിൽ രാജ്യത്തിന്റെ എല്ലാ കോണുകളെയും ബന്ധിപ്പിക്കുന്ന 75 വന്ദേഭാരത് ട്രെയിൻ സർവിസുകൾ ആരംഭിക്കാൻ തീരുമാനിച്ചു' -മോദി പറഞ്ഞു. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം കുറക്കുകയാണ് ലക്ഷ്യമെന്നും മോദി കൂട്ടിച്ചേർത്തു.
ചെേങ്കാട്ടയിൽ വിശിഷ്ടാതിഥികളായി എത്തിയ ഒളിമ്പിക് താരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സൈനിക സ്കൂളുകളിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകുമെന്നും വനിതകൾക്ക് എല്ലാ മേഖലകളിലും തുല്യത ഉറപ്പാക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 'ആസാദി കാ അമൃത് മഹോത്സവി'ന് തുടക്കം കുറിച്ചു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തത്.
