തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ ഹരജി
text_fieldsചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ട് മദ്രാസ് ഹൈക്കോടതിയിൽ ഹരജി. തൃച്ചി ഈസ്റ്റ് മണ്ഡലത്തിലെ വിജയത്തിനെതിരെ ഇതേ മണ്ഡലത്തിലെ ഡി.എം.കെ സ്ഥാനാർഥി ഡോ. ഇനികോ എസ്. ഇരുദയരാജാണ് ഹരജി സമർപ്പിച്ചത്. വിജയ്‌യോട് 27,416 വോട്ടുകൾക്കാണ് ഇരുദയരാജ് പരാജയപ്പെട്ടത്.
വിജയ്‌യുടെ തൃച്ചി ഈസ്റ്റ് മണ്ഡലത്തിലെ വിജയം നിയമവിരുദ്ധമാണെന്നും അഴിമതി നിറഞ്ഞതാണെന്നുമാണ് ഹരജിയിലെ പ്രധാന ആരോപണം. നാമനിർദ്ദേശ പത്രികയിൽ തനിക്കെതിരെയുള്ള കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചു, തെരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നൽകിയില്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുട്ടികളെ ഉപയോഗിച്ചു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഹരജിയിൽ ഉന്നയിച്ചിരിക്കുന്നത്.
ജോസഫ് വിജയ്‌യുടെ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ഇരുദയരാജിന്റെ ആവശ്യം. കൂടാതെ, കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ തൃച്ചി ഈസ്റ്റിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയാൽ അത് ഈ ഹരജിയെ തന്നെ അപ്രസക്തമാക്കുമെന്നും, അതിനാൽ ഉപതെരഞ്ഞെടുപ്പിന് സ്റ്റേ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തൃച്ചി ഈസ്റ്റ്, പെരമ്പൂർ എന്നീ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച ജോസഫ് വിജയ് രണ്ടിടത്തും വിജയിച്ചിരുന്നു. ഇതിൽ തൃച്ചി ഈസ്റ്റ് മണ്ഡലത്തിലെ സീറ്റ് അദ്ദേഹം ഒഴിഞ്ഞതിനെത്തുടർന്ന് അവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.എം.കെ സ്ഥാനാർഥി കോടതിയെ സമീപിച്ചത്.
ഏപ്രിൽ 23ന് നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം മെയ് നാലിനാണ് പ്രഖ്യാപിച്ചത്. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയ തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമായ 118 സീറ്റുകളിൽ എത്തിയിരുന്നില്ല. തുടർന്ന് കോൺഗ്രസ്, വി.സി.കെ, ഐ.യു.എം.എൽ, സി.പി.ഐ(എം), സി.പി.ഐ എന്നീ കക്ഷികളുടെ പിന്തുണയോടെ ജോസഫ് വിജയ് സർക്കാർ രൂപീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

