വിജയ് ബാബുവിനെതിരായ ഹരജി ബുധനാഴ്ച പരിഗണിക്കും
text_fieldsന്യൂഡൽഹി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയ ഹൈകോടതി സിംഗിൾബെഞ്ചിന്‍റെ വിധി റദ്ദാക്കണമെന്ന സർക്കാർ ഹരജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന് ചൊവ്വാഴ്ച സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്.
കഴിഞ്ഞ മാർച്ച് 16 മുതൽ ഏപ്രിൽ 14 വരെയുള്ള കാലയളവിൽ വിജയ് ബാബു പീഡിപ്പിച്ചെന്ന് കാണിച്ച് ഏപ്രിൽ 17ന് യുവ നടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നുവെന്നും കേസിന്‍റെ വിവരം അറിഞ്ഞ വിജയ് ബാബു ദുബായിലേക്കു ഒളിവിൽ പോയെന്നും സർക്കാർ ഹരജിയിലുണ്ട്.ദുബായിൽ നിന്നാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. വിദേശത്തുള്ള പ്രതികൾക്ക് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാവില്ലെന്നു ഹൈക്കോടതി തന്നെ നേരത്തെ ചില വിധികളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതു നിലനിൽക്കെ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചത് നിയമപരമല്ലെന്നാണ് അപ്പീലിലെ വാദം.