അരിയിലും മായം, പ്ളാസ്റ്റിക് അരി ഭക്ഷിച്ച് വയറുവേദനക്കാരായവരുടെ കഥ
text_fieldsഹൈദരാബാദ്: വീട്ടിൽ പാകം ചെയ്ത ചോറുരുട്ടി പന്തുണ്ടാക്കി കുട്ടികളും മുതിർന്നവരും ക്രിക്കറ്റും മറ്റും കളിക്കുന്ന നിരവധി വിഡിയോകൾ ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരാഴ്ചയായി നഗരത്തിലെ ചാർമിനാർ, യുസഫ്ഗുഡ, സരൂർ നഗർ, മീർപെട്ട് എന്നിവടങ്ങളിലെ ചില കേന്ദ്രങ്ങളിൽ നിന്നാണ് ഇത്തരത്തിൽ പ്ളാസ്റ്റിക് അരി വിൽക്കപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ അരി, കഴിക്കുന്നവരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുക.
പരാതി ലഭിച്ചതനുസരിച്ച് ഫുഡ് ആൻഡ് സിവിൽ സപ്ളൈസ് ഡിപ്പാർട്ട്മെന്‍റ് പരാതിക്കാരുടെ വീട്ടിൽ നിന്ന് ചോറും കടകളിൽ നിന്ന് പ്ളാസ്റ്റിക് അരിയുടെതെന്ന് കരുതുന്ന സാമ്പിളുകളും പിടിച്ചെടുത്ത് പരിശോധനക്കയച്ചിട്ടുണ്ട്.
ഭക്ഷണം കഴിക്കാനായി ചോറുരുട്ടിയപ്പോൾ അത് റബർ പോലെ വലിയുന്നത് കണ്ട് താൻ ഞെട്ടിപ്പോയിയെന്ന് മീർപെട്ടിലെ അശോക് പറയുന്നു. ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചിട്ടും വിട്ടുമാറാത്ത വയറുവേദനയുണ്ടെന്ന് ഒരാഴ്ചയായി കുടുംബാംഗങ്ങൾ പരാതിപ്പെട്ടതായും അശോക് പറഞ്ഞു.
കുട്ടികൾക്ക് വയറിളക്കം അനുഭവപ്പെടുന്നു. മുതിർന്നവർക്കും രണ്ടാഴ്ചയായി വയറിന് അസുഖമാണ്. സ്ഥിരമായി ഇതേ ഭക്ഷണം കഴിക്കുന്നതിനാൽ ഡോക്ടർക്കും പ്രശ്നമെന്തെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. കുഴപ്പമെന്താണെന്ന് ഇപ്പോഴാണ് മനസ്സിലായത്. അദ്ദേഹം പറഞ്ഞു.
വീട്ടിൽ തനിച്ചായതിനാലാണ് ബിരിയാണി വാങ്ങിക്കാൻ തീരുമാനിച്ചത്. എന്നാൽ പാക്കറ്റ് തുറന്നപ്പോൾ തന്നെ അതിന് എന്തോ ഒരു വ്യത്യാസം ഉള്ളതായി തോന്നി. ബിരിയാണി ഉരുളയാക്കിയപ്പോഴാണ് പ്ളാസ്റ്റിക് അരി കൊണ്ടുണ്ടാക്കിയതാണെന്ന് മനസ്സിലായത്. പരാതിപ്പെടാനായി കടയിൽ ചെന്ന എന്നെ ഉടമസ്ഥൻ ആക്രമിച്ചു- ഇന്ദ്രേശൻ പറഞ്ഞു.
പോളിത്തീൻ പോലുള്ള പദാർഥം യന്ത്രത്തിലൂടെ കടത്തിവിടുന്നതും അത് നൂഡിൽസ് പോലെ പുറത്തുവരുന്നതും പിന്നീടത് മുറിച്ച് അരിയാക്കി മാറ്റി പാക്ക് ചെയ്യുന്നതുമായി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇൗ ദൃശ്യങ്ങൾ ജനങ്ങളിൽ പരിഭ്രാന്തി പരത്തിയെങ്കിലും സത്യമെന്തെന്ന് വിശദീകരിക്കാൻ ബന്ധപ്പെട്ടവരാരും മുന്നോട്ട് വന്നിട്ടില്ല. എന്തായാലും ലബോറട്ടറി പരിശോധന ഫലം ജനങ്ങളുടെ ആശങ്കയകറ്റുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
