കേന്ദ്ര സർക്കാർ ജോലിക്കുള്ള പരീക്ഷയിൽ അന്ധർക്കായി സ്ക്രീൻ റീഡർ ഏർപ്പെടുത്താൻ യു.പി.എസ്.സി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ ജോലികൾക്കായുള്ള പരീക്ഷകൾക്ക് അന്ധർക്കും കാഴ്ചശേഷി കുറഞ്ഞവർക്കുമായി സ്ക്രീൻ റീഡർ സോഫ്റ്റ്വെയർ അവതരിപ്പിക്കാൻ തത്ത്വത്തിൽ തീരുമാനിച്ചതായി യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) സുപ്രീംകോടതിയെ അറിയിച്ചു.
അടിസ്ഥാനസൗകര്യവും സോഫ്റ്റ്വെയറും ലഭ്യമാവുന്ന മുറക്ക് ഇത് നടപ്പാക്കും. കാഴ്ചപരിമിതിയുള്ളവർക്ക് സിവിൽ സർവിസ് പരീക്ഷകളിൽ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് ‘മിഷൻ ആക്സസബിലിറ്റി’ എന്ന സംഘടന സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് യു.പി.എസ്.സി ഇക്കാര്യം അറിയിച്ചത്.
അടിസ്ഥാന സൗകര്യം ലഭ്യമാക്കാൻ എത്രസമയം വേണ്ടിവരുമെന്ന് സുപ്രീംകോടതി ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകാൻ യു.പി.എസ്.സിക്ക് കഴിഞ്ഞില്ല.
കമ്മീഷനു കീഴിൽ നടക്കുന്ന വിവിധ പരീക്ഷകൾക്ക് ഈ സൗകര്യം ഭാവിയിൽ ഉപയോഗപ്പെടുത്തും.
അടിയന്തര നടപടി ഉറപ്പാക്കാൻ ജില്ലാ അധികൃതർക്ക് നിർദേശം നൽകാൻ വിവിധ സംസ്ഥാന സർക്കാരുകളുടെ ചീഫ് സെക്രട്ടറിമാരോട് യു.പി.എസ്.സി അഭ്യർത്ഥിച്ചു.
കാഴ്ച വൈകല്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ നടത്താൻ കമ്പ്യൂട്ടർ ലാബുകളും പ്രാദേശിക കേന്ദ്രങ്ങളും ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ ആരായാൻ ഡെറാഡൂണിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് വിഷ്വൽ ഡിസെബിലിറ്റി (എൻ.ഐ.ഇ.പി.വി.ഡി)ക്കും യു.പി.എസ്.സി കത്തെഴുതിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

