ബംഗാൾ കലാപത്തിന് പിന്നിൽ ആസൂത്രിത പ്രകോപനം
text_fieldsന്യൂഡൽഹി: കേരളംപോലെ അടുത്ത പൊതുതെരെഞ്ഞടുപ്പിൽ ഹിന്ദുത്വ ശക്തികൾ കണ്ണുവെച്ചിരിക്കുന്ന പശ്ചിമ ബംഗാളിൽ വർഗീയ സംഘർഷാവസ്ഥക്ക് വഴിവെച്ചത് തൽപരകക്ഷികളുടെ ആസൂത്രിതമായ പ്രകോപനം. പ്രവാചകെൻറ വളരെ മോശമായ ചിത്രം ഫോേട്ടാഷോപ്പിൽ ചെയ്ത് 17 വയസ്സുള്ള ബാലനെ കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യിച്ചുണ്ടാക്കിയ പ്രകോപനമാണ് കഴിഞ്ഞ മൂന്ന് ദിവസമായി ബംഗാളിലെ രണ്ട് ജില്ലകളിലെ അന്തരീക്ഷം അത്യന്തം സ്ഫോടനാത്മകമാക്കിയത്. കലാപത്തിന് കാരണക്കാരനായ 17കാരനെ അറസ്റ്റ് ചെയ്തപ്പോൾ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഗവർണർ കേസരിനാഥ് ത്രിപാഠി മുഖ്യമന്ത്രി മമത ബാനർജിയെ വിളിച്ചത് സ്ഥിതിഗതികൾ വഷളാക്കുകയും ചെയ്തു.
നോർത്ത് 24 പർഗാന ജില്ലയിലെ ബദുരിയയിലെ 11ാം ക്ലാസ് വിദ്യാർഥിയായ 17കാരൻ സൗവിക് സർക്കാർ അങ്ങേയറ്റം വഷളായ ഒരു ചിത്രം ഫോേട്ടാഷോപ്പിലുണ്ടാക്കി പ്രവാചകേൻറതാണെന്ന് പറഞ്ഞ് ഫേസ്ബുക്കിലിട്ടതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പ്രമുഖ ആക്ടിവിസ്റ്റായ അമരീഷ് മിശ്ര പറഞ്ഞു. ഇൗ ചിത്രം വിശ്വാസികളെ പ്രകോപിപ്പിക്കാൻ വേണ്ടി മാത്രമുണ്ടാക്കിയതാണെന്ന് വ്യക്തമാണ്. ഒരു 11ാം ക്ലാസുകാരന് സ്വന്തം നിലക്കുണ്ടാക്കാൻ കഴിയുന്നതല്ല ഇൗ ചിത്രമെന്ന് കണ്ടാൽ മനസ്സിലാകുമെന്നും ഇൗ ചിത്രം തനിക്കും ലഭിച്ചുവെന്നും എന്നാൽ മറ്റൊരാളെ കാണിക്കാൻ പോലും പറ്റാത്ത തരത്തിൽ മോശമാണെന്നും മിശ്ര കൂട്ടിച്ചേർത്തു. ഇൗ ചിത്രമിട്ട വാർത്ത പരന്നതോടെ നിരക്ഷരരും ദരിദ്രരുമായ പ്രദേശത്തെ മുസ്ലിംകൾ തെരുവിലിറങ്ങി. അവസരത്തിനൊത്ത് ഉയർന്ന സർക്കാർ സൗവിക് സർക്കാറിനെ അറസ്റ്റ് ചെയ്തു. ഇൗ സമയത്ത് ബി.ജെ.പി, ഹിന്ദു പരിഷത്ത് നേതാക്കൾ ഗവർണറുടെ വസതിയിലേക്ക് ഒാടിച്ചെന്നു. ഗവർണർ കേസരിനാഥ് ത്രിപാഠി ഉടൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിളിച്ച് സംഘർഷത്തിന് നിമിത്തമായ പോസ്റ്റിട്ട 17കാരനെ വിട്ടയക്കാൻ ഉത്തരവിട്ടു.
ഗവർണറുടെ ഇൗ ഭീഷണിയുടെ വാർത്തയും ബംഗാളിൽ പരന്നു. ബി.ജെ.പി ബ്ലോക്ക് പ്രസിഡൻറിനെ പോലെയാണ് ത്രിപാഠി പ്രവർത്തിക്കുന്നതെന്ന് തിരിച്ചടിച്ച മമത സൗവിക് സർക്കാറിനെ വിട്ടയക്കാൻ തയാറായില്ല. ഇതേ തുടർന്ന് രാഷ്ട്രപതി ഭരണത്തിന് ശിപാർശ ചെയ്യുമെന്നായി ത്രിപാഠിയുടെ ഭീഷണി. അപ്പോഴേക്കും തെരുവിലിറങ്ങിയ ജനം കടകളും വാഹനങ്ങളും കത്തിച്ച് കലാപമഴിച്ചുവിട്ടിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ സംഘർഷമേഖലയിൽ ഇൻറർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണിപ്പോൾ. സംഘർഷം അമർച്ച ചെയ്യാൻ പൊലീസിന് കഴിയാതിരുന്നതോടെ അർധസൈനിക വിഭാഗങ്ങളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
