വിമാനങ്ങൾ മുഖാമുഖം; മുംബൈ വിമാനത്താവളത്തിൽ വൻ അപകടം ഒഴിവായി, എയർ ഇന്ത്യയുടെ ടേക്ക് ഓഫ് അവസാന നിമിഷം റദ്ദാക്കി
text_fieldsപ്രതീകാത്മക ചിത്രം
മുംബൈ: മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അക്കാര്യം ശ്രദ്ധിച്ചത്. അതേ റൺവേയിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ മറ്റൊരു വിമാനം കിടക്കുന്നു. ഒരുനിമിഷത്തെ അശ്രദ്ധയുണ്ടായാൽ വലിയ അപകടമുണ്ടാകുമായിരുന്ന സാഹചര്യം ജീവനക്കാരുടെ ജാഗ്രതയാൽ ഒഴിവായി. എയർ ഇന്ത്യ വിമാനം അവസാന നിമിഷം ടേക്ക് ഓഫ് റദ്ദാക്കിയാണ് അപകടമൊഴിവാക്കിയത്. ചൊവ്വാഴ്ച രാത്രി ഏകദേശം 9.40ഓടെയാണ് സംഭവം നടന്നത്.
സിലിഗുരിയിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് റൺവേയിലുണ്ടായിരുന്നത്. ഇതിനിടെയാണ് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം റൺവേയിൽ പ്രവേശിച്ച് ടേക്ക് ഓഫ് നടപടികൾ ആരംഭിച്ചത്. എന്നാൽ അപകട സാധ്യത മനസിലാക്കിയതോടെ എയർ ട്രാഫിക് കൺട്രോൾ നിർദേശം നൽകിയതിനെ തുടർന്ന് വിമാനത്തിന്റെ പൈലറ്റുമാർ ടേക്ക് ഓഫ് നടപടികൾ ഉടൻ നിർത്തിവച്ച് വിമാനം തിരിച്ചുകൊണ്ടുപോയതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു.
സംഭവത്തിൽ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ പ്രകാരമുള്ള നിർബന്ധിത സാങ്കേതിക പരിശോധനകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരെ ലക്ഷ്യസ്ഥാനമായ ഡൽഹിയിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി ബദൽ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
എയർ ട്രാഫിക് കൺട്രോളിന്റെ സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കാൻ സഹായിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അടുത്തിടെ രാജ്യത്തെ വ്യോമയാന രംഗത്ത് സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കേണ്ടത് സംബന്ധിച്ച് ചർച്ചകൾ സജീവമാണ്. മുംബൈ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായതിനാൽ ഓരോ ടേക്ക് ഓഫിനും ലാൻഡിങ്ങിനും കൃത്യമായ ഏകോപനം നിർണായകമാണ്. ഇന്നലത്തെ സാഹചര്യങ്ങൾ സംബന്ധിച്ച് അധികൃതർ വിശദമായ പരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

