വിമാനദുരന്തം: ഇന്ത്യ ശക്തമായ രാജ്യം; അവർക്കിത് കൈകാര്യം ചെയ്യാനാവും -ഡോണൾഡ് ട്രംപ്
text_fieldsഅഹ്മദാബാദ്: അഹ്മദാബാദിൽ ഉണ്ടായ എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഉറപ്പ് നല്‍കി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഇന്ത്യ ശക്തമായ രാജ്യമാണെന്നും അവർക്കിത് കൈകാര്യം ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു. ‘ഭയാനകമായ സംഭവമാണുണ്ടായത്. ഇന്ത്യക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അമേരിക്ക ചെയ്ത് കൊടുക്കും. ഇന്ത്യ ഒരു വലിയ രാജ്യമാണ്. ശക്തമായ രാജ്യം. അവര്‍ക്ക് ഇത് കൈകാര്യം ചെയ്യാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.’ ട്രംപ് പറഞ്ഞു.
‘അപകടത്തില്‍ നിരവധി പേര്‍ മരിച്ചെന്നാണ് അറിഞ്ഞത്. കുറച്ചു പേര്‍ രക്ഷപ്പെട്ടു. അത് ആശ്വാസകരമാണെങ്കിലും അപകടം ഭീകരമായിരുന്നു. ദൃശ്യങ്ങൾ കാണുമ്പോൾ വിമാനം പറന്നുയര്‍ന്ന സമയം യാതൊരു പ്രശ്‌നവുമുള്ളതായി തോന്നിയില്ല ഒരുപക്ഷെ പറന്നുയര്‍ന്നപ്പോള്‍ എന്‍ജിന്റെ പവര്‍ നഷ്ടമായതാവാം. എന്തായാലും വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അപകടങ്ങളിലൊന്നാണ്’ -ട്രംപ് കൂട്ടിചേര്‍ത്തു. അതേ സമയം, പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്ന് വീണ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നു എന്ന വിലയിരുത്തലാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ബ്ലാക്ക് ബോക്സിലെ വിവരങ്ങളും അപകടകാരണം സംബന്ധിച്ച സാങ്കേതിക പരിശോധനകൾക്ക് ശേഷം ലഭ്യമാകുന്ന വിവരങ്ങളും പുറത്ത് വരുന്നതോടെ മാത്രമെ അപകട കാരണ സംബന്ധിച്ച ശരിയായ ചിത്രം പുറത്ത് വരികയുള്ളു. സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് ലണ്ടനിലെ ഗാട്വിക് വിമാനത്താവളം ലക്ഷ്യമാക്കി വ്യാഴാഴ്ച ഉച്ചക്ക് 1.38ന് പറന്നുയർന്ന് മിനിറ്റുകൾക്കകമാണ് എയർ ഇന്ത്യ 171 ബോയിങ് 787- 8 ഡ്രീംലൈനർ വിമാനം സമീപത്തെ വിദ്യാർഥി ഹോസ്റ്റലിനുമേൽ തകർന്നുവീണത്.
230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർചുഗീസുകാരും ഒരു കനേഡിയൻ പൗരനുമാണ് ഉൾപ്പെട്ടിരുന്നത്. 35 പേർ ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യൻ വംശജരാണ്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുമുണ്ട്. യു.കെയിൽ നഴ്സായിരുന്ന തിരുവല്ല പുല്ലാട് കുറുങ്ങുഴ രഞ്ജിത ജി. നായർ (40) ആണ് മരിച്ച മലയാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

