വിമാന ദുരന്തം; കൂടുതൽ സാധ്യത സാങ്കേതികത്തകരാറിന്
text_fieldsഎയർ ഇന്ത്യ വിമാനത്തിന്റെ അവശിഷ്ടം ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ
രാജ്യം കണ്ട വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നാണ് അഹമ്മദാബാദിലേത്. ഹരിയാനയിലെ ചർഖിദാദ്രിയിലുണ്ടായ ദുരന്തത്തെയാണ് ഏറ്റവും വലുതായി കണക്കാക്കുന്നത്. ഇത് മനുഷ്യപ്പിഴവ് മൂലം വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായതാണ്. അതേസമയം അഹമ്മദാബാദിലേക്ക് മനുഷ്യപ്പിഴവുകൊണ്ടാണെന്ന് പറയാനാവില്ല. സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ വിമാനത്തിലെ സാങ്കേതിക തകരാറായിരിക്കാം കാരണമെന്നാണ് മനസ്സിലാകുന്നത്.
വിമാനത്തിന്റെ ടേക്ക് ഓഫ് മുതൽ ലാൻഡിങ് വരെയുള്ള വിവിധ ഘട്ടങ്ങളിൽ അപകടകരമായ ഫെയ്സിലാണ് ദുരന്തം സംഭവിച്ചത്. കേൾക്കുന്നത് ശരിയാണെങ്കിൽ രണ്ട് എൻജിനുകളും ടേക് ഓഫിനുശേഷം പവർ നൽകിയില്ലെന്നാണ് മനസ്സിലാക്കുന്നത്. ടേക്ക് ഓഫിനുശേഷം പവർ സുസ്ഥിരമാകുന്നതിന് പകരം ക്രമേണ കുറഞ്ഞുവന്നിരിക്കാം. 218-220 ടൺ ഭാരമുള്ള വിമാനമാണത്. ഇത്തരമൊരു വിമാനം 400 അടി ഉയരത്തിൽ നിൽക്കെ, വേറൊന്നും പൈലറ്റിന് ചെയ്യാനില്ല.
രണ്ട് എൻജിനും ഒരുപോലെ തകരാറിലായെങ്കിൽ അതിന് പ്രധാന കാരണം ഇന്ധനവുമായി ബന്ധപ്പെട്ട പ്രശ്നമായിരിക്കാം. 55 ടൺ ഇന്ധനം വിമാനത്തിലുണ്ടായിരുന്നെന്നാണ് ലഭ്യമാകുന്ന വിവരം. ലണ്ടനിലേക്ക് പറക്കുന്നതിന് ഇത്രയും അളവ് ഇന്ധനം മിനിമം വേണം. സാധാരണ ഒരു എൻജിൻ തകരാറിലായാലും രണ്ടാമത്തെ എൻജിൻ ഉപയോഗിച്ച് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയും. ഈ സാഹചര്യം മുൻനിർത്തുമ്പോഴാണ് രണ്ട് എൻജിനും ഒരേസമയം പരാജയപ്പെടാൻ കാരണം ഇന്ധനത്തിന്റെ പ്രശ്നമാണെന്ന നിഗമനത്തിലെത്താനാവുക. അല്ലെങ്കിൽ അമേരിക്കയിലെ ഹട്സൺ റിവർ വിമാന അപടത്തിന് സമാനമായി പക്ഷികൾ ഇടിച്ചതാകാം. ഇതൊന്നുമല്ലാത്ത സാങ്കേതിക പ്രശ്നങ്ങളുമുണ്ട്. എന്തുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന് ഇപ്പോൾ കൃത്യമായി പറയാനാകില്ല. ടേക്ക് ഓഫ് സമയത്ത് നല്ല കാലാവസ്ഥയായിരുന്നെന്നാണ് റിപ്പോർട്ട്. ഉച്ചക്ക് 1.30ന് കാര്യമായ കാർമേഘങ്ങളൊന്നുമുണ്ടായിരുന്നില്ല. അന്തരീക്ഷ ഊഷ്മാവ് 37 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കാറ്റും അനുകൂലം.
വിമാനം പറക്കലിന് കൃത്യമായ സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജിയർ (എസ്.ഒ.പി) ഉണ്ട്. ഇക്കാര്യങ്ങളിൽ ഒരു മാറ്റവും വരുത്താൻ ആർക്കും സാധിക്കില്ല. ബ്രീത്ത് അനലൈസർ പരിശോധനക്കടക്കം വിധേയമായശേഷമാണ് പൈലറ്റുമാർ പറക്കലിനൊരുങ്ങുന്നത്. അക്കാദമികളിൽ പരിശീലനത്തിന്റെ ഭാഗമായുള്ള 20 മിനിറ്റ് പറക്കലിന് പോകുമ്പോൾ പോലും എസ്.ഒ.പികൾ പാലിക്കാറുണ്ട്. അതുകൊണ്ട് എസ്.ഒ.പിയിൽ വീഴ്ചവരുത്തിയെന്നും പറയാനാവില്ല.
- ക്യാപ്റ്റൻ കെ.ടി. രാജേന്ദ്രൻ ചീഫ് ഫ്ലൈയിങ് ഇൻസ്പെക്ടർ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി തിരുവനന്തപുരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

