ആരാധനാലയ നിയമം അനധികൃത നിർമാണത്തിന് സംരക്ഷണം നൽകില്ല; ക്ഷേത്രം ഒഴിയണമെന്ന് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: അനധികൃതമായി നിർമിച്ച ക്ഷേത്രം ഒഴിപ്പിക്കാനായി തമിഴ്നാട് സർക്കാർ നൽകിയ നോട്ടീസിൽ ഇടപെടാതെ മദ്രാസ് ഹൈകോടതി. സർക്കാർ ഭൂമി കൈയേറി നിർമിച്ച ക്ഷേത്രത്തിന് ആരധനാലയ നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജി.ജയചന്ദ്രൻ, കെ.കെ രാമകൃഷ്ണൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
രാമനാഥപുരത്തെ അരുൾമിഘു രാജകാളിയമ്മൻ ക്ഷേത്രത്തിലെ മാനേജിങ് ട്രസ്റ്റിയാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. അനധികൃതമായി നിർമിച്ച വീടുകൾക്ക് സർക്കാർ നൽകിയ സംരക്ഷണം ക്ഷേത്രത്തിന് ബാധകമാവില്ലെന്നും കോടതി നിരീക്ഷിച്ചു. സർക്കാർ ഭൂമി കൈയേറിയാണ് ക്ഷേത്രം നിർമിച്ചത്. നിലവിലുള്ള നിയമങ്ങൾ പ്രകാരം ഈ കെട്ടിടത്തിന് ഇളവ് അനുവദിക്കാനാവില്ലെന്ന് മദ്രാസ് ഹൈകോടതി വ്യക്തമാക്കി.
ക്ഷേത്രം ഒഴിയണമെന്ന് ആവശ്യപ്പെട്ട് മൂന്ന് നോട്ടീസുകൾ നൽകിയെങ്കിലും നിയമനടപടികൾ പുരോഗമിക്കുന്നതിനാൽ അതിന് കഴിയില്ലെന്നായിരുന്നു ക്ഷേത്രം അധികൃതർ സ്വീകരിച്ച നിലപാട്. എന്നാൽ, മൂന്ന് തവണ സർക്കാറിന് അപേക്ഷ നൽകിയെങ്കിലും കൈയേറ്റം നിയമവിധേയമാക്കാൻ സംസ്ഥാന സർക്കാർ തയാറായില്ല. തുടർന്ന് കേസ് മദ്രാസ് ഹൈകോടതിയിൽ എത്തുകയായിരുന്നു.
മുൻകൂട്ടി ഒരു അനുമതിയും വാങ്ങാതെയാണ് ക്ഷേത്ര നിർമാണം നടത്തിയതെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. നിർമാണത്തിന് ശേഷമാണ് ഇത് ക്രമപ്പെടുത്തി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചത്. ആരാധനാലയ നിയമപ്രകാരം അനധികൃത നിർമാണത്തെ സംരക്ഷിക്കാനുള്ളതല്ലെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

