പീയൂഷ് പാണ്ഡെയുടേത് സാധാരണക്കാരോട് സംസാരിച്ച പരസ്യങ്ങൾ
text_fieldsമുംബൈ: സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പരസ്യങ്ങൾ സൃഷ്ടിച്ചാണ് കഴിഞ്ഞ ദിവസം അന്തരിച്ച പീയൂഷ് പാണ്ഡെ ജനകോടികളിൽ സ്വാധീനം ചെലുത്തിയത്. വാണിജ്യ പരസ്യങ്ങൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള സന്ദേശങ്ങളും പരസ്യ രൂപത്തിൽ അദ്ദേഹം ജനങ്ങളിലെത്തിച്ചു. പരസ്യലോകത്തെ അതികായരിൽ ഒരാളായി തിളങ്ങിയ അദ്ദേഹം സാധാരണക്കാരുടെ ഭാഷയിലാണ് സംസാരിച്ചത്.
2002ൽ അമിതാഭ് ബച്ചനെ മുഖ്യകഥാപാത്രമാക്കി ചെയ്ത പൾസ് പോളിയോ തുള്ളിമരുന്ന് കാമ്പയിൻ പരസ്യവും 2000ൽ ചെയ്ത പുകവലി വിരുദ്ധ പരസ്യവും ജനങ്ങളിൽ ചെലുത്തിയ സ്വാധീനം ഏറെ വലുതാണ്. അഞ്ച് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യാനുള്ള സർക്കാർ പദ്ധതിക്കുവേണ്ടി ചെയ്ത പരസ്യം വമ്പിച്ച മാറ്റമുണ്ടാക്കി. ജനങ്ങൾ പോളിയോ തുള്ളിമരുന്ന് കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി. പോളിയോയെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാനും പ്രതിരോധം സൃഷ്ടിക്കാനും ഈ പരസ്യം സഹായിച്ചു. കുഞ്ഞുങ്ങൾക്ക് വാക്സിനെടുക്കാത്ത മാതാപിതാക്കളെ വീടുകളിൽ ചെന്ന് ശകാരിക്കുന്ന കോപാകുലനായ വൃദ്ധനായാണ് ഈ പരസ്യത്തിൽ അമിതാഭ് ബച്ചൻ എത്തുന്നത്. സ്ത്രീകൾ തന്നെ പേടിച്ച് കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകാൻ തയാറായതായി ബച്ചൻ പിന്നീട് പറഞ്ഞിട്ടുണ്ട്.
ഇതുപോലെതന്നെ ജനങ്ങളെ സ്വാധീനിച്ചതാണ് പുകവലി വിരുദ്ധ പരസ്യവും. ‘പുകവലിക്കാരോട് ദയ കാണിക്കൂ, കാരണം അവർക്ക് അധികം സമയം ബാക്കിയില്ല’ എന്ന പരസ്യവാചകം ഏറെ ശ്രദ്ധപിടിച്ചുപറ്റി. കാൻസർ പേഷ്യന്റ്സ് എയ്ഡ് അസോസിയേഷനുവേണ്ടിയാണ് പുകവലി വിരുദ്ധ പരസ്യം തയാറാക്കിയത്. ഒരു ബസിൽ സീറ്റിലിരിക്കുന്ന രണ്ട് വൃദ്ധർക്കരികെനിന്ന് പുകവലിക്കുന്ന ആളെയാണ് ഇതിൽ കാണിക്കുന്നത്. ജനാലക്കരികിലിരുന്ന് പുകവലിക്കാൻ സൗകര്യത്തിന് വൃദ്ധരിൽ ഒരാൾ എഴുന്നേറ്റ് അയാൾക്ക് സീറ്റ് നൽകുന്നു. പുകവലിക്കാരന് അധികകാലം ബാക്കിയില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് വൃദ്ധനായ മനുഷ്യൻ സീറ്റ് നൽകിയതെന്ന് ഇതോടൊപ്പമുള്ള ശബ്ദത്തിൽ പറയുന്നു. ഈ പരസ്യം ജനങ്ങളിലുണ്ടാക്കിയ സ്വാധീനവും വലുതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

