Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കട്ടപ്പമാർ നിറഞ്ഞ ലോകത്ത് ഇന്ത്യ വിശ്വസ്ത പങ്കാളി'; മറ്റുള്ളവരുടെ സാങ്കേതികവിദ്യ മോഷ്ടിക്കില്ലെന്ന് പിയൂഷ് ഗോയൽ

text_fields
bookmark_border
news
cancel

വിശാഖപട്ടണം: മറ്റുള്ളവരുടെ സാങ്കേതികവിദ്യ ഇന്ത്യ മോഷ്ടിക്കില്ലെന്നും ബൗദ്ധിക സ്വത്തവകാശങ്ങളെ രാജ്യം എല്ലായ്പ്പോഴും മാനിക്കുമെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ആഗോളതലത്തിൽ സാങ്കേതികവിദ്യയുടെ സുരക്ഷയും ബൗദ്ധിക സ്വത്തവകാശ സംരക്ഷണവും സംബന്ധിച്ച് ആശങ്കകൾ ഉയരുന്നതിനിടെ, നിക്ഷേപത്തിന് വിശ്വസിക്കാവുന്ന പങ്കാളിയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

'കട്ടപ്പമാർ നിറഞ്ഞ ലോകത്ത് പിന്നിൽനിന്ന് കുത്താത്ത പങ്കാളിയെയാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്' എന്നായിരുന്നു ഗോയലിന്റെ പരാമർശം. ബാഹുബലി സിനിമയിലെ കട്ടപ്പ എന്ന കഥാപാത്രത്തെ പരാമർശിച്ചായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിശാഖപട്ടണത്ത് നടന്ന 31-ാമത് സി.ഐ.ഐ പാർട്ണർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യ മറ്റുള്ളവരുടെ സാങ്കേതികവിദ്യ മോഷ്ടിക്കില്ലെന്നും നിയമപരമായി ഒരാളുടേതായിട്ടുള്ളത് അവർക്ക് തന്നെ സ്വന്തമായി തുടരാൻ രാജ്യം ഉറപ്പാക്കുമെന്നും ഗോയൽ വ്യക്തമാക്കി. ആഗോള നിക്ഷേപ തീരുമാനങ്ങളിലും രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിലും വിശ്വാസത്തിന് നിർണായക സ്ഥാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ നിയന്ത്രണത്തിലുള്ള സാങ്കേതികവിദ്യ ചൈനയിലെത്തുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഗോയലിന്റെ പ്രസ്താവന. അമേരിക്കയുടെ കയറ്റുമതി നിയന്ത്രണ പട്ടികയിലുള്ള ചൈനീസ് സർവകലാശാല എൻവിഡിയയുടെ അത്യാധുനിക എച്ച്200 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ വാങ്ങിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ചൈനയെയോ ഈ വിവാദത്തെയോ ഗോയൽ നേരിട്ട് പരാമർശിച്ചില്ല.

20-ാം നൂറ്റാണ്ടിനെ നിർണയിച്ചത് ചെലവിലെ നേട്ടങ്ങളായിരുന്നെങ്കിൽ 21-ാം നൂറ്റാണ്ടിനെ നിർണയിക്കുക വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള നേട്ടങ്ങളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ഇന്ന് ഏറ്റവും പ്രയാസത്തോടെ കണ്ടെത്താൻ കഴിയുന്ന വിഭവമാണ് വിശ്വാസമെന്നും ഗോയൽ കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ യുദ്ധങ്ങളും സംഘർഷങ്ങളും വ്യാപാരത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ നയപരമായ സ്ഥിരത ഉറപ്പാക്കുന്ന രാജ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ എന്ത് സംഘർഷങ്ങളുണ്ടായാലും ഇന്ത്യയുടെ നയങ്ങൾ പ്രവചനാതീതവും നിയമങ്ങൾ നീതിപൂർവകവുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ത്യ ഒൻപത് സ്വതന്ത്ര വ്യാപാര കരാറുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ആഗോള ജിഡിപിയിൽ 60 ലക്ഷം കോടി ഡോളറിന്റെ പങ്കുള്ള സമ്പദ്‌വ്യവസ്ഥകളുമായാണ് ഈ കരാറുകൾ. നിലവിൽ പുരോഗമിക്കുന്ന വ്യാപാര ചർച്ചകൾ പൂർത്തിയാകുന്നതോടെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ നാലിൽ മൂന്ന് ഭാഗത്തോളം വരുന്ന വിപണികളിലേക്ക് മുൻഗണനാ പ്രവേശനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അഞ്ചിലൊന്ന് അല്ലെങ്കിൽ ആറിലൊന്ന് ചെലവിൽ ഉൽപ്പന്നങ്ങളും സേവനങ്ങളും ഇന്ത്യയിൽ നിർമിക്കാൻ കമ്പനികൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിർമാണശാലകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ, ഗ്ലോബൽ കപ്പബിലിറ്റി സെന്ററുകൾ, ഡിസൈൻ സെന്ററുകൾ എന്നിവ ഇന്ത്യയിൽ ആരംഭിക്കാൻ ആഗോള കമ്പനികളോട് ഗോയൽ ആഹ്വാനം ചെയ്തു.

ഫാക്ടറികൾ, ഹോട്ടലുകൾ, ഡാറ്റാ സെന്ററുകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിക്ഷേപം നടത്താൻ ഇന്ത്യയിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രക്ഷുബ്ധമായ ആഗോള സാഹചര്യത്തിൽ സുരക്ഷിതമായ നിക്ഷേപ കേന്ദ്രമാണ് ഇന്ത്യയെന്നും ഗോയൽ കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'In a world full of backstabbers, India is a trusted partner'; Piyush Goyal says others' technology will not be stolen
Next Story