‘ഇന്ത്യക്കാർ തെരുവിലിറങ്ങി പ്രശ്നങ്ങളുണ്ടാക്കാറില്ല’: യൂറോപ്പിലെ പ്രതിഷേധങ്ങൾക്കിടയിൽ പ്രവാസി ഇന്ത്യക്കാരെ പ്രശംസിച്ച് പിയൂഷ് ഗോയൽ
text_fieldsബെർലിൻ: ഇന്ത്യൻ പ്രവാസി സമൂഹം സമാധാനപ്രിയരാണെന്നും തെരുവിലിറങ്ങി സമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കാറില്ലെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് ഇന്ത്യൻ സമൂഹത്തെ പ്രശംസിച്ച് മന്ത്രി രംഗത്തെത്തിയത്. ജർമനിയിലെ ബെർലിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശരാജ്യങ്ങളിൽ ഇന്ത്യൻ സമൂഹത്തിന് ലഭിക്കുന്ന ആദരവും സ്വീകാര്യതയും പ്രധാനമാണെന്ന് ഗോയൽ പറഞ്ഞു. പ്രവാസി ഇന്ത്യക്കാർ എപ്പോഴും സമാധാനപരമായ ജീവിത രീതി ഇഷ്ടപ്പെടുന്നവരാണെന്നും, അവരൊരിക്കലും തെരുവിലിറങ്ങി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയോ ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസ്, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ വൻതോതിലുള്ള പ്രതിഷേധങ്ങളും സംഘർഷങ്ങളും അരങ്ങേറുന്ന സമയത്താണ് മന്ത്രിയുടെ പ്രസ്താവന.
വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ സമൂഹത്തിന് ലഭിക്കുന്ന ബഹുമാനവും സ്വീകാര്യതയും വളരെ വലുതാണെന്ന് പിയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി. "നിങ്ങൾ ഏതു രാജ്യത്താണോ ജീവിക്കുന്നത്, അവിടെ നിങ്ങൾക്ക് എത്രത്തോളം ബഹുമാനം ലഭിക്കുന്നുണ്ട് എന്നതും ആളുകൾ നിങ്ങളെ എത്രത്തോളം സ്വാഗതം ചെയ്യുന്നു എന്നതുമാണ് പ്രധാനം. ഇന്ത്യക്കാർ പൊതുസ്വത്ത് നശിപ്പിക്കാനോ തെരുവിൽ ക്രമസമാധാനം തകർക്കാനോ മുതിരാറില്ലെന്ന് അവിടുത്തെ ജനങ്ങൾക്ക് നന്നായി അറിയാം. കുടുംബത്തിന് ഏറെ പ്രാധാന്യം നൽകുന്ന, സമാധാനകാംഷികളായ ഒരു സമൂഹമാണ് ഇന്ത്യക്കാരുടേത്. അപൂർവ്വം ചില അനാവശ്യ സംഭവങ്ങൾ എവിടെയെങ്കിലും നടന്നേക്കാമെങ്കിലും, അത് നമ്മളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല," പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യയിൽ തെരഞ്ഞെടുപ്പ് കമീഷനെതിരായ പ്രതിഷേധ സമരങ്ങൾ സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമർശമെന്നതും ശ്രദ്ധേയമാണ്. എസ്.ഐ.ആറിനും മുഖ്യ തെരഞ്ഞെടുപ്പ് ഗ്യാനേഷ് കുമാറിനെതിരായും പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

