ന്യൂഡൽഹി: കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്റെ മരണത്തെത്തുടർന്ന് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനു നൽകി. ഇക്കാര്യം വ്യക്തമാക്കി രാഷ്ട്രപതി രാം നാഥ് കോവിന്ദ് വിജ്ഞാപനം പുറപ്പെടുവിച്ചു. റാംവിലാസ് പാസ്വാൻ കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യ, പൊതുവിതരണം, ഉപഭോക്തൃ വകുപ്പുകളാണ് പിയൂഷ് ഗോയലിന് നൽകിയിട്ടുള്ളത്.
റെയിൽവെ, വാണിജ്യം, വ്യവസായം എന്നീ വകുപ്പുകളാണ് പിയൂഷ് ഗോയൽ നിലവിൽ കൈകാര്യം ചെയ്യുന്നത്. രോഗത്തെ തുടർന്ന് വ്യാഴാഴ്ചയാണ് കേന്ദ്രമന്ത്രിയായ രാം വിലാസ് പസ്വാൻ മരിച്ചത്.